കാക്കനാട്: സിനിമാ ചിത്രീകരണങ്ങൾ തടയരുത് എന്നതാണ് കെപിസിസി ഇന്നലെ കൈക്കൊണ്ട തീരുമാനം. എന്നാൽ, കൊച്ചിയിലെ കോൺഗ്രസുകാർ തൽക്കാലം വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടിലാണ്. അവർ തുടർസമരവുമായി മുന്നോട്ടു പോകുകയാണ്. സത്യൻ അന്തിക്കാട് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ.

വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിനു പിന്നാലെയാണ് കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇവിടെ ചിത്രീകരണം വിലക്കിയത്. തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യേണ്ടത്. ഇതിനുള്ള അനുമതി തേടിയ സിനിമാ പ്രവർത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയർപേഴ്സൺ പൊട്ടിത്തെറിച്ചു.

ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷൻ വിഭാഗത്തിലെ രണ്ടുപേർ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ എത്തിയത്. ചെയർപേഴ്സന്റെ അനുമതി വാങ്ങാൻ എത്തിയപ്പോഴാണ് രൂക്ഷമായ ഡയലോഗുകളുമായി അജിത തങ്കപ്പൻ ഇവരെ നേരിട്ടത്. 'ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാൻ...' ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു. ജോജു ജോർജ് തങ്ങളുടെ സിനിമയിൽ ഇല്ലെന്ന് പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുമാർ പറഞ്ഞെങ്കിലും ചെയർപേഴ്സൺ അയഞ്ഞില്ല. സിനിമാ പ്രവർത്തകർ മടങ്ങി.

സിനിമാ ചിത്രീകരണങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ് തൃക്കാക്കര. ഭരണസമിതി ഈ നിലപാട് തുടർന്നാൽ ഇവിടെ ഷൂട്ടിങ് ബുദ്ധിമുട്ടാകും. അതേസമയം സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് എതിരെ ഇന്നലെ കെപിസിസി നേതൃത്വം രംഗത്തുവന്നിരുന്നു. ജോജുവിന് എതിരെയുള്ള പ്രതിഷേധം സിനിമ മേഖലയാകെ പടർത്തരുതെന്നാണ് കെ സുധാകരൻ നൽകിയിരിക്കുന്ന നിർദ്ദേശം. സിനിമ സർഗ്ഗാത്മക പ്രവർത്തനമാണെന്നും ഇത് സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസ് പ്രവർത്തകർക്ക് ഉണ്ടെന്നും സുധാകരൻ യോഗത്തിൽ വ്യക്തമാക്കി.

വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിങ് തടയുമെന്ന യൂത്ത് കോൺഗ്രസ് തീരുമാനത്തെ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു ഷൂട്ടിങ് തടയമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും മുഹമ്മദ് ഷിയാസ് വ്യക്താക്കിരുന്നു. ''കോൺഗ്രസും യൂത്ത് കോൺഗ്രസും അങ്ങനെയൊരു തീരുമാനമെടുക്കില്ല. ലൊക്കേഷനിലേക്ക് ഞങ്ങളാരും പോകുന്നില്ല''. ഷിയാസ് പറഞ്ഞു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയിൽ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്. ലൊക്കേഷനുകളിൽ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിങ് നടത്തുന്നത്. ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താൽ മർദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും ടിറ്റോ ആന്റണി പറഞ്ഞിരുന്നു.

മാത്രമല്ല, ഇന്ന് നടൻ ജോജു ജോർജിന് നേരെ കൊലവിളി പരാമർശങ്ങളുമായി യൂത്ത് കോൺഗ്രസ് ഷേണായിസ് തിയേറ്ററിലേക്ക് പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. ജോജുവിന്റെ സ്റ്റാർ സിനിമയുടെ പോസ്റ്റർ ഇപ്പോഴും തിയേറ്ററിന് മുന്നിലുണ്ട്. അത് പിൻവലിക്കണമെന്നുമായിരുന്നു പ്രതിഷേധത്തിലെ ആവശ്യം. 'ചുണയുണ്ടെങ്കിൽ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓർത്തോളു. നിന്റെ നാളുകൾ എണ്ണപ്പെട്ടു'. തുടങ്ങിയ പരാമർശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്. ജോജു ജോർജിന്റെ ഫോട്ടോയിൽ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കൾ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോൺഗ്രസ് നേതാക്കൾ വെല്ലുവിളി പരാമർശങ്ങൾ നടത്തിയിരുന്നു.