കൊച്ചി: അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾക്കിടെ തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാകുമ്പോഴും കോൺഗ്രസ് ഉറപ്പിക്കുന്നത് ഉമ തോമസിലാണ്. കാരണം പി ടി തോമസ് എന്ന വികാരം എളുപ്പത്തിൽ വോട്ടാക്കി മാറ്റം. അടുത്തകാലത്ത് ഒരു കോൺഗ്രസ് നേതാവിനും ലഭിക്കാത്ത വിധത്തിൽ വികാര നിർഭരമായ യാത്രയയപ്പാണ് പി ടി തോമസിന് ലഭിച്ചത്. പ്രവർത്തകരുടെ മനസ്സിൽ പി ടി എത്രത്തോളം വലിയ നേതാവായിരുന്നു എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രക്കായി ഒഴുകി എത്തിയ ജനസഞ്ചയം. അതുകൊണ്ട് തന്നെ പി ടിക്ക് വേണ്ടി വീണ്ടും ഒരിക്കൽ കൂടി വോട്ടർഥിക്കും കോൺഗ്രസ്. അത് ഭാര്യ ഉമ തോമസിന് വേണ്ടിയാകും.

പി.ടി.തോമസിന്റെ മണ്ഡലം നിലനിർത്താൻ പത്‌നി ഉമ തോമസിന്റേതല്ലാതെ മറ്റു പേരുകൾ കോൺഗ്രസ് നേതൃത്വത്തിന്റെ മനസ്സിലില്ല. ഉമയെ തൃക്കാക്കരയിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ കെപിസിസി നേതൃത്വത്തിന് ഏകമനസ്സാണ്. കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എന്നിവർ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉമയെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയിൽ സ്ഥാനാർത്ഥിത്വം ചർച്ചയായില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

അതേസമയം ഉമയെ സ്ഥാനാർത്ഥിയാക്കിയാൽ മറ്റ് എതിർപ്പുകൾ എല്ലാം മറികടക്കാം എന്നതും ശ്രദ്ധേയമാണ്. കാലങ്ങലായി കോൺഗ്രസ് പിന്തുടർന്നു പോന്ന ശൈലിയും അതാണ്. എംഎൽഎ ആയിരിക്കേ മരിച്ചാൽ നേതാവിന്റെ ബന്ധുക്കളെ മത്സരിപ്പിക്കുന്നതാണ് ആ ശൈലി. കെ എസ് ശബരീനാഥ് അരുവിക്കരയിൽ മത്സരിക്കാൻ ഇറങ്ങിയതും ഇങ്ങനെയാണ്. ആ മാർഗ്ഗം തന്നെയാണ് കോൺഗ്രസ് തൃക്കാക്കരയിലും കാണുന്നത്.

ഉമ സ്ഥാനാർത്ഥിയായാൽ സീറ്റിനു വേണ്ടിയുള്ള പിടിവലി ഇല്ലാതാകുമെന്നതു കോൺഗ്രസിന് അനുകൂലഘടകമാണ്. ഗ്രൂപ്പു താൽപ്പര്യക്കാരെയും ഒഴിവാക്കാൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മൂന്നു മണിക്കൂറിനകം സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയും ഉമയെ മനസ്സിൽ കണ്ടു തന്നെയാണ്. ഉമ നോ പറഞ്ഞാൽ മാത്രം മറ്റുസ്ഥാനാർത്ഥി എന്ന തീരുമാനത്തിലാണ് കോൺഗ്രസ്.

അതേസമയം ആരായിരിക്കും സിപിഎം സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കടുത്ത നടപടികളുണ്ടായ മണ്ഡലത്തിൽ സംസ്ഥാന നേതൃത്വം നേരിട്ടാകും കാര്യങ്ങൾ നിയന്ത്രിക്കുക. പൊതുസ്വതന്ത്രന് പകരം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താനും ആലോചനകളുണ്ട്.

ജില്ലയിലെ യുവനേതാക്കളുടെ പേരും പരിഗണിക്കപ്പെടുന്നു. കോൺഗ്രസിൽനിന്ന് അച്ചടക്കനടപടി നേരിട്ട് കെ.വി.തോമസ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് സിപിഎം. കെപിസിസി നേതൃത്വത്തിനെതിരെ തുടരെ പ്രസ്താനവകളുമായി രംഗത്തുള്ള കെ വി തോമസ് ലക്ഷ്യം വെക്കുന്നത് പുറത്താക്കി രക്തസാക്ഷി പരിവേഷം നേടാനാണ്. അങ്ങനെയാണെങ്കിൽ അദ്ദേഹം ഉന്നമിടുന്നത് തൃക്കാക്കര സീറ്റു തന്നെയാകും.

എന്നാൽ തൃക്കാക്കരയിൽ കെ.വി.തോമസ് മത്സരിക്കുമോയെന്നത് ചോദ്യചിഹ്നമാണ്. മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിലും, ത്രികോണ മത്സരമെന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രഖ്യാപനത്തോടെ ബിജെപിയും കളം കൊഴുപ്പിക്കുന്നുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് തൃക്കാക്കര എന്നത് പാർട്ടിയുടെ ഉറച്ച കോട്ടയാണ്. 2011 ൽ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതൽ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ഇവിടെ ജയിച്ച് കയറുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കടുത്ത മത്സരത്തിന് മണ്ഡലത്തിൽ സാധ്യത ഉണ്ടെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുത്താൽ അത് മുന്നണിക്കും കോൺഗ്രസിനും നാണക്കേട് ഉണ്ടാകുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. അതിനാൽ ഭാഗ്യപരീക്ഷണം ഒഴിവാക്കി മികച്ച സ്ഥാനാർത്ഥി ഇറങ്ങട്ടേയെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. ഉമ തോമസ് മത്സരിക്കണമെന്നതാണ് നേതൃത്വത്തിന്റെ ആവശ്യം. ഉമ ഇറങ്ങിയാൽ മണ്ഡലം നിലനിർത്താമെന്ന് നേതൃത്വം കരുതുന്നു. സഹതാപ തരംഗം വോട്ടായി മാറും. മാത്രമല്ല ഉമയെ മത്സരിപ്പിക്കുന്നതിനോട് പാർട്ടിയിൽ വലിയ എതിർപ്പിന് കാരണമായേക്കില്ലെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

അതേസമയം തോമസിനെ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് സി പി എം കരുതുന്നു. തൃക്കാക്കര ഉൾപ്പെടുന്ന ലോക്‌സഭ മണ്ഡലത്തെ നിരവധി തവണ പ്രതിനിധീകരിച്ച നേതാവാണ് കെവി തോമസ്. തോമസിലൂടെ ലത്തീൻ വോട്ടുകൾ മറിയുമെന്ന് സി പി എം പ്രതീക്ഷിക്കുന്നുണ്ട്. തൃക്കാക്കരയിൽ ലത്തീൻ സമുദായാംഗങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ട്. സഭാ നേതൃത്വമായും വൈദികരുമായും അടുത്ത ബന്ധമുള്ള കെവി തോമസ് വിചാരിച്ചാൽ മണ്ഡലത്തിൽ ഇക്കുറി അട്ടിമറി തന്നെ സി പി എം പ്രതീക്ഷിക്കുന്നുണ്ട്.

നേരത്തേ കോൺഗ്രസുമായി ഇടഞ്ഞ കെ വി തോമസ് സി പി എമ്മിൽ എത്തുകയാണെങ്കിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമോയെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താൻ ഇനി ഇല്ലെന്ന് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉമ ഇറങ്ങിയാൽ സി പി എമ്മിൽ ആര് എന്നതാണ് ഉയരുന്ന ചോദ്യം. കെ വി തോമസിന്റെ മകൾ രേഖ തോമസിന് നറുക്ക് വീഴുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. രേഖയെ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള ചരടുവലികൾ തോമസ് നടത്തുന്നുണ്ട്. അതേസമയം കൊച്ചുറാണി ജോസഫിന്റെ പേരാണ് സി പി എമ്മിൽ ചർച്ചയായിരിക്കുന്നത്. തൃക്കാക്കര കോളേജിൽ അദ്ധ്യാപികയായിരുന്ന കൊച്ചുറാണി മണ്ഡലത്തിൽ ഏറെ സജീവമാണ്.