ന്യൂഡൽഹി: മേജർ ടൂർണ്ണമെന്റിൽ ഇന്ത്യയുടെ തോൽവി ആരാധകരെ ചൊടിപ്പിക്കുന്നത് ഇത് ആദ്യമല്ല.ഇത്തരം സന്ദർഭങ്ങളിൽ ടീമിന് നേരെ മൊത്തമായുമാണ് ആക്ഷേപം ഉണ്ടാവാറെങ്കിലും ചില താരങ്ങളെ ഒറ്റ തിരിഞ്ഞ് അധിക്ഷേപിക്കുന്നതും ശരിയല്ല.കഴിഞ്ഞ ദിവസത്തെ തോൽവിയിൽ ആരാധകരുടെ ആക്ഷേപത്തിന് ഇരയാകുന്നത് മുഹമ്മദ് ഷമിയാണ്.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനൊപ്പം തന്നെ ഷമി രാജ്യം വിട്ട് പോകണം എന്നുവരെ ചർച്ചകൾ നീളുന്നുണ്ട്.ആക്ഷേപങ്ങൾ അതിര് കടക്കുമ്പോൾ അനാവശ്യമായ ആക്ഷേപങ്ങളിൽ പ്രതികരിക്കാത്ത ആളല്ല ഷമി എന്ന് ഓർമ്മപ്പെടുത്തുകയാണ് ഒരു വീഡിയോ.2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്.

ലണ്ടനിലെ ഓവലിൽ അന്ന് നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് 180 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയിരുന്നു. മത്സരം അവസാനിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ താരങ്ങൾക്കു നേരെ ഒരു പാക്കിസ്ഥാൻ ആരാധകൻ മോശം വാക്കുകൾ പ്രയോഗിച്ചു. ഇന്ത്യൻ താരങ്ങളോട് നിങ്ങളുടെ അച്ഛനാരാണെന്ന് ആവർത്തിച്ചാവർത്തിച്ച് ചോദിച്ച ആരാധകനു നേരെ മുഹമ്മദ് ഷമി പ്രതികരിച്ചു. ചുട്ടമറുപടി നൽകിയ ഷമിയെ ഒടുവിൽ പിന്നാലെയെത്തിയ എം.എസ് ധോനി പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം സൈബർ ആക്രമണം നേരിടേണ്ടിവരുന്ന ഷമിക്ക് പിന്തുണയുമായി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.