മൂന്നാർ: മുന്നാറിലേ തേയിലക്കാടുകളിൽ കടുവ ആക്രമണഭീതി വ്യാപകമായതോടെ കർഷകരുടെ ജീവിതം ദുരിതപൂർണം. കോവിഡ് കാലത്ത് ഏതുവിധേനയും ജീവിക്കാനുള്ള പ്രതീക്ഷകൾക്കാണ് കടുവ പ്രതിസന്ധി തീർക്കുന്നത്. ഒരു വർഷത്തിനിടെ മേഖലയിൽ മുപ്പതോളം പശുക്കളെയാണ് കടുവ ഭക്ഷണമാക്കിയത്. ഇതേതുടർന്ന് കടുവ ആക്രമണി ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ക്ഷീരകർഷകർ പാൽ ഉൽപ്പാദനരംഗത്തു നിന്നും പിൻവാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

വിവിധ എസ്റ്റേറ്റുകളിലായി 5000-ത്തോളം പശുക്കളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോൾ ഇത് 3600 -ലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. കഷകർ പശുക്കളൈ വിറ്റ്് ഒഴിവാക്കുന്നതാണ് ഇതിനുകാരണം. മേയാൻ വിടുന്ന പശുക്കളെയാണ് കടുവ കൊന്നു തിന്നുന്നത്. പാതയോരങ്ങളിലും തേയിലക്കാടിനുള്ളിലുമാണ് അവശിഷ്ടങ്ങൾ കാണപ്പെടുന്നത്.

ലോക്കാട് എസ്റ്റേറ്റിലെ കാളിയുടെ മൂന്നുപശുക്കളെ കടുവ കൊന്നുതിന്നു. ഇതിനുതൊട്ടമുമ്പുള്ള ദിവസം ഗൂഡാർവിള എസ്റ്റേറ്റിലെ നെറ്റിക്കുടി ഡിവിഷനിലും കടുവ പശുവിനെ പിടികൂടിയിരുന്നു. ജനവാസകേന്ദ്രങ്ങളിൽ അടക്കടി പ്രത്യക്ഷപ്പെടുന്ന കടുവ ഇപ്പോൾ ഇവിടുത്തുകാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. തേയിലത്തോട്ടത്തിലെ തൊഴിലാളികളും ഭീതിയിലാണ്.

മൂന്നാർ മേഖലയിൽ ആയിരക്കണക്കനുപേരാണ് തോട്ടം മേഖലയിൽ പണിയെടുക്കുന്നത്. വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഒളിച്ചുരുന്നാണ് കടുവ പശുക്കളെ പിടകൂടുന്നതെന്നാണ് പ്രദേശവാസികളിൽ ഏറെപ്പേരും വിശ്വസിക്കുന്നത്. ഇതുമൂലം പണിക്കായി തോട്ടത്തിലിറങ്ങുന്ന തങ്ങൾക്കു നേരെയും കടുവയുടെ ആക്രണം ഉണ്ടായേക്കാമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നു.

കടുവയുടെ ആക്രമണ ഭീഷിണി നിലനിൽക്കുന്നതിനാൽ തോട്ടം മേഖലയോടടുത്ത ലയങ്ങളിലെ താമസക്കാരിൽ ബഹുഭൂരിപക്ഷവും ഇരുട്ടുവീണാൽ പുറത്തിറങ്ങാറില്ല എന്നതാണ് വാസ്തവം. വിവരം വനംവകുപ്പധികൃതരുടെ കാതുകളിൽ എത്തിയെങ്കിലും അവർ കേട്ട ഭാവം നടിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.