പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിലായി. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യുടെ ഗോവ, മുംബൈ യൂണിറ്റുകൾ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ ഞായറാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽനിന്ന് ടൈഗർ മുസ്തഫയെ പിടികൂടിയത്.

ഇയാൾക്കൊപ്പം ഹോട്ടൽ ഉടമയെയും എൻ.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് വിവരം.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ എൻ.സി.ബി.യുടെ ഗോവ, മുംബൈ യൂണിറ്റുകൾ നടത്തിയ രഹസ്യനീക്കത്തിലാണ് ടൈഗർ മുസ്തഫ പിടിയിലായത്. കഴിഞ്ഞയാഴ്ച ഇയാൾക്കായി എൻ.സി.ബി. സംഘം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു.