തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടറെ അറിയിച്ചു.

പൂജപ്പുര വാർഡിലായിരുന്നു ടിക്കാറാം മീണയ്ക്ക് വോട്ട് ഉണ്ടായിരുന്നത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇത് നേരത്തെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നിട്ടും പുതുക്കിയ വോട്ടർപട്ടികയിൽ പേര് വന്നില്ല. അതിനാൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് തന്നെ ഇത്തവണ വോട്ട് ചെയ്യാനാവില്ല.