മലപ്പുറം: തിരൂരങ്ങാടിയിൽ സിപിഐ സ്ഥാനാർത്ഥിയെ മാറ്റി. നേരത്തേ പ്രഖ്യാപിച്ച സിപിഐ ജില്ലാ അസിസ്റ്റന്റെ സെക്രട്ടറി അജിതുകൊളാടിക്ക് പകരം നിയാസ് പുളിക്കലകത്തിനെയാണ് സിപിഐ കളത്തിലിറക്കുക. നിയാസ് പുളിക്കലകത്തിനെ തിരൂരങ്ങാടിയിലെ സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തിരൂരങ്ങാടിയിലെ മുസ്ലിം ലീഗിലെ തമ്മിലടി മുതലെടുത്ത് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം. തിരൂരങ്ങാടിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെയാണ് മുസ്ലിംലീഗ് സ്ഥാനാർത്ഥിയാക്കിയത്. ഇതിനെതിരെ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന് പറഞ്ഞാണ് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം

തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലി മുസ്ലിം ലീ​ഗിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ പാണക്കാട്ടെത്തി പ്രതിഷേധം അറിയിച്ചിരുന്നു. സീറ്റില്ലാത്തതിൽ ഇടഞ്ഞ്‌ സി പി ബാവ ഹാജി, പ്രവർത്തക സമിതി അംഗം അഷ്‌റഫ്‌ കോക്കൂർ എന്നിവർ രാജിക്കൊരുങ്ങി. വട്ടംകുളം പഞ്ചായത്തിൽ രണ്ട്‌ ലീഗ്‌ വാർഡംഗങ്ങൾ നേതൃത്വത്തിന്‌ രാജിക്കത്ത്‌ നൽകി.

സ്ഥാനാർത്ഥി പ്രഖ്യാപനശേഷം നാടകീയ രംഗങ്ങളാണ്‌ പലയിടത്തും അരങ്ങേറിയത്‌. ശനിയാഴ്‌ച രാവിലെ പാണക്കാട്ടെത്തിയ തിരൂരങ്ങാടി മണ്ഡലത്തിലെ ലീഗ്‌ നേതാക്കളും പ്രവർത്തകരും കടുത്ത പ്രതിഷേധമാണ്‌ ഉയർത്തിയത്‌. സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ജില്ലാ പ്രസിഡന്റ്‌ സാദിഖലി തങ്ങൾ എന്നിവരെ നേരിൽകണ്ട്‌ മജീദിനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ഞായറാഴ്‌ചക്കകം തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക്‌ നീങ്ങുമെന്ന മുന്നറിയിപ്പും നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി ബാവ ഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രകടനം നടത്തി. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. പാർട്ടി ഭാരവാഹിത്വം രാജിവയ്ക്കാനൊരുങ്ങിയ ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ മുന്മന്ത്രി പി കെ അബ്ദുറബ്ബിനെതിരെ നിയാസ് പുളിക്കലകത്ത് ഇടതുമുന്നണി സ്വതന്ത്രനായി മൽസരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് നിയാസ് നടത്തിയത്. കഴിഞ്ഞ തവണ എംഎൽഎ ആയ പി കെ അബ്ദുറബ്ബുമായി തീ പാറുന്ന പോരാട്ടമായിരുന്നു തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തിനെ വെച്ച് നേരിട്ടത്. ഇത്തവണ നിയാസിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം പ്രമുഖ നേതാക്കളെ പരാജയപെടുത്തിയ സംഭവത്തിൽ പരപ്പനങ്ങാടി സിപിഎം കേന്ദ്രങ്ങളിലെ ശക്തമായ എതിർപ്പ് നിയാസിന് വിനയായി മാറി. ഇതിനെ തുടർന്നാണ് മണ്ഡലക്കാരനല്ലാത്ത അജിതുകൊളാടിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം എന്നതായിരുന്നു സിപിഐയുടെ നിലപാട്. എന്നാൽ, കാറ്റ് മാറി വീശിയതോടെ വിജയം ഉറപ്പിക്കാനാകും എന്ന നിലയിലാണ് ഇടത് കേന്ദ്രങ്ങൾ.

നിലവിൽ സിഡ്‌കോ ചെയർമാനാണ് നിയാസ് പുളിക്കലകത്ത്. കെഎസ് യു വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയരംഗത്തെത്തിയ നിയാസ് പിന്നീട് കോൺഗ്രസിൽ സജീവമാകുകയായിരുന്നു. കോൺഗ്രസിന്റെ പരപ്പനങ്ങാടി മണ്ഡലം ട്രഷററായിരുന്ന നിയാസ് പിന്നീട് മുസ്ലിം ലീഗിനെതിരെ പരപ്പനങ്ങാടിയിൽ രൂപംകൊണ്ട ജനകീയ വികസന മുന്നണിയുടെ അമരക്കാരിലൊരാളായി മാറുകയായിരുന്നു.