തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിർവഹിച്ചു. കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ, എ ഇ ഒ ആഫീസുകളിലേയും സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഉറപ്പാക്കാൻ പോകുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനോപകാരപ്രദവുമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട് . ഫയലുകളിന്മേൽ സമയാസമയം തീർപ്പുകൽപ്പിക്കാൻ നിരവധി നടപടിക്രമങ്ങൾ നിലവിലുണ്ട്. എങ്കിലും ഓരോ ഉദ്യോഗസ്ഥരും ആത്മാർത്ഥമായി ചിന്തിക്കുകയും നടപടിയെടുക്കുകയും ചെയ്താൽ കൂടുതൽ വേഗത്തിൽ ഫയലുകൾ തീർപ്പാക്കി പൊതുജനത്തിന് ഏറെ ആശ്വാസമേകാൻ സംവിധാനത്തിനാകും .

പൊതുവിദ്യാഭ്യാസ വകുപ്പിൽ കാര്യങ്ങളറിയാൻ പല ഓഫീസുകളുടെയും ഫോൺ നമ്പർ പൊതുജനത്തിന് അറിയില്ല എന്നൊരു പരാതി നിലവിലുണ്ട്. അറിയുന്ന നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ല എന്നും പരാതിയുണ്ട്. ഈ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി സ്‌കൂളുകളിലെ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിന്റെ ഉദ്ഘാടനം ജനുവരി 15ന് മുൻപ് പൂർത്തിയാക്കി നിലവിലെ ടെലിഫോൺ നമ്പരുകൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.