തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടി എം മുകുന്ദൻ (59) ആണ് മരിച്ചത്. കള്ള ലോൺ കൊടുക്കലിൽ ബാങ്ക് വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ ലോൺ എടുത്തവർക്കെല്ലാം ജപ്തി നോട്ടീസ് ബാങ്ക് അയച്ചു തുടങ്ങി. ഇതോടെയാണ് താനും തട്ടിപ്പിന്റെ ഇരയാണെന്ന് മുകുന്ദൻ മനസ്സിലാക്കിയത്.

80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് കരവന്നൂർ സഹകരണ ബാങ്കിൽ കണ്ടെത്തിയത്. ഇത്രയേറെ ലോൺ എടുത്തുവെന്ന് മുകുന്ദനും അറിഞ്ഞിരുന്നില്ല. ബാങ്കിലെ തട്ടിപ്പുകൾ മനസ്സിലാക്കിയാണ് ആത്മഹത്യ. സിപിഎം നേതാവായിരുന്നു മുകുന്ദനും.

100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാരാണ് കണ്ടെത്തിയത്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരേ കേസെടുത്തു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ- നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്തിന്റെ ഉത്തരവിട്ടിരുന്നു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്. ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ഇഡി പൊലീസിനോട് തേടിയിട്ടുണ്ട്.

ഇതിനിടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കി ആത്മഹത്യയും ചെയ്യുന്നത്. അതും സിപിഎം നേതാവ്. ഇത് പുതിയ വിവാദങ്ങൾക്ക് കൂടുതൽ കരുത്തു പകരും. സ്ഥലത്തെ മിക്ക നേതാക്കളുടേയും പേരിൽ അവരറിയാതെ ലോൺ സഹകരണ ബാങ്ക് നൽകിയെന്നാണ് സൂചന. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല. സിപിഎം ഉന്നത നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.