ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെതിരേ ജനങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി.

ജപ്പാനിൽ നടത്തിയ സർവ്വേകൾ കാണിക്കുന്നത് ഭൂരിഭാഗം ജനങ്ങൾക്കും ഒളിമ്പിക്സ് നടത്തുന്നതിനോട് യോജിപ്പില്ലെന്നതാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

ടോക്യോ നഗരത്തിൽ പതിനായിരക്കണക്കിന് ആളുകൾ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓൺലൈൻ നിവേദനം സമർപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ ഒപ്പുവെച്ചത്.

കോവിഡ് -19 നെ നേരിടാൻ ജാപ്പനീസ് സർക്കാരിനു കഴിയുമെന്നും ഗെയിംസ് ചരിത്രപരമായ ഒരു സംഭവമാകുമെന്നും ഉറപ്പുണ്ടെന്ന് ഐ.ഒ.സി വ്യക്തമാക്കി. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള 10,500 അത്‌ലറ്റുകളിൽ 70 ശതമാനം പേരും ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക് കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഈ വർഷം ജൂലായ് 23 മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കേ ജപ്പാൻ ഇപ്പോഴും കോവിഡിനെതിരായ പോരാട്ടത്തിലാണ്.

ഒളിമ്പിക്‌സ് സ്റ്റേഡിയങ്ങൾക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ നാഷണൽ സ്റ്റേഡിയത്തിന് പുറത്താണ് നിരവധി ആളുകൾ പ്രതിഷേധവുമായി അണിനിരന്നത്. പാവങ്ങളെ മരണത്തിന് എറിഞ്ഞുകൊടുക്കുന്ന നടപടിയാണ് ഭരണകൂടം ഒളിമ്പിക്‌സ് നടത്താൻ ഒരുങ്ങുന്നതിലൂടെ ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

ജപ്പാനിൽ കോവിഡ് മരണനിരക്ക് കുറവാണെങ്കിലും വൈറസിന്റെ വ്യാപനതോത് ഉയരുകയാണ്. വാക്‌സിനേഷനും പതുക്കെയാണ് പുരോഗമിക്കുന്നത്. എന്നാൽ ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഇപ്പോഴും സർക്കാർ.