ടോക്യോ: ടോക്യോ ഒളിംപിക്‌സിൽ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയിൽ അർജന്റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനോടും കോച്ച് സ്‌ജോർഡ് മാരിജ്‌നെയോടും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യൻ വനിതാ ഹോക്കി ടീം പുറത്തെടുത്ത പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിഭാധനരായ കളിക്കാരുടെ ടീമാണിതെന്നും ഒളിംപിക്‌സിൽ മികച്ച പ്രകടനമാണ് വനിതാ ഹോക്കി ടീം പുറത്തെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയവും തോൽവിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഈ തോൽവിയിൽ തകർന്നുപോകരുതെന്നും പ്രധാനമന്ത്രി റാണി രാംപാലിനോടും സംഘത്തോടും പറഞ്ഞു.

 

നേരത്തെ ഒളിംപിക്‌സ് ബോക്‌സിംഗിൽ വെങ്കലമെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്‌നെയും പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് തന്റെ ജന്മദിനമെന്ന് പറഞ്ഞ ലവ്ലിനയോട് ഗാന്ധിജി അഹിംസയെക്കുറിച്ചാണ് പറഞ്ഞത്, താങ്കളാകട്ടെ ഇടിയിലൂടെയാണ് പ്രശസ്തയായതെന്നും പ്രധാനമന്ത്രി തമാശയായി പറഞ്ഞു.