ടോക്യോ: കാണികളില്ല, ആരവങ്ങളില്ല. എങ്കിലും ആവേശം കുറയില്ലെന്ന പ്രതീക്ഷയിൽ ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 8:30-നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് കാണാൻ സ്റ്റേഡിയത്തിൽ 950 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകർ അറിയിച്ചു.

കാണികൾക്ക് വിലക്കുള്ള സ്റ്റേഡിയത്തിൽ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉൾപ്പെടെയാണ് 950 പേർക്ക് പ്രവേശനമുള്ളത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.എസ് പ്രഥമ വനിത ജിൽ ബിഡൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

കോവിഡ് 19 ഭീഷണി കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങിൽ പങ്കുടുക്കാൻ ഇന്ത്യൻ സംഘത്തിൽ നിന്ന് സമ്മതം മൂളിയത് 28 അത്ലറ്റുകൾ മാത്രമാണ്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ള അത്ലറ്റുകളോട് സമ്മതപത്രം നൽകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 28 പേർ മാത്രമാണ് സമ്മതപത്രം നൽകിയതെന്ന് ഐ.ഒ.സി അറിയിച്ചു.

ഇന്ത്യൻ സംഘത്തിൽ നിന്ന് ആറ് ഒഫീഷ്യൽസും ചടങ്ങിൽ പങ്കെടുക്കും. അതേസമയം അടുത്ത ദിവസങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കേണ്ട താരങ്ങളോട് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഐ.ഒ.സി നിർദേശിച്ചിരുന്നു. ഇക്കാരണത്താലാണ് ഷൂട്ടിങ്, അമ്പെയ്ത്ത് താരങ്ങൾ മാറിനിൽക്കുന്നത്. കോവിഡ് ഭീഷണി കണക്കിലെടുത്ത് ഒരു രാജ്യത്ത് നിന്ന് 50 പേരെ മാത്രമേ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാൻ ഐ.ഒ.സി ഉദ്ദേശിച്ചിരുന്നുള്ളൂ.ഒമ്പതു മലയാളികളുൾപ്പടെ ഇന്ത്യയിൽ നിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്.

മെഡൽ പ്രതീക്ഷയോടെത്തന്നെയാണ് ഇത്തവണയും ഇന്ത്യൻ താരങ്ങൾ ട്രാക്കിലിറങ്ങുന്നത്.2016 റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ പി.വി. സിന്ധു വെള്ളിയും വനിതാ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവും നേടിയിരുന്നു. ഇക്കുറി ബോക്സിങ്ങിൽ മേരി കോം, അമിത് പംഗൽ, ഗുസ്തിയിൽ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുണിയ, ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി, മനു ഭേക്കർ, ഭാരോദ്വഹനത്തിൽ മിരാബായ് ചാനു തുടങ്ങിയവർ സാധ്യതയിലുണ്ട്. ഹോക്കി, അമ്പെയ്ത്ത് ടീമുകളും പ്രതീക്ഷയിലാണ്. ജാവലിനിൽ ജൂനിയർ തലത്തിൽ ലോകറെക്കോഡിട്ട നീരജ് ചോപ്രയിലൂടെ ഇന്ത്യ അത്‌ലറ്റിക്സിൽ മെഡൽ നേടുമെന്ന് പ്രതീക്ഷിക്കുന്നവരേറെ.

ആതിഥേയരായ ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്‌ബോൾ മത്സരത്തോടെ 32-ാമത് ഒളിമ്പിക്സിന്റെ ഗെയിംസ് ഇനങ്ങൾ ആരംഭിച്ചത്. 2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്സ്, കോവിഡ് വ്യാപനത്തിൽ നീട്ടുകയായിരുന്നു. 125 വർഷംനീണ്ട ആധുനിക ഒളിമ്പിക്സ് ചരിത്രത്തിൽ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം. ലോകയുദ്ധം കാരണം മൂന്നുവട്ടം ഉപേക്ഷിച്ചിരുന്നു. വെല്ലുവിളികൾ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്സ് ദീപം തെളിയുന്നത്. സംഘാടകസമിതി തലവനായിരുന്ന ജപ്പാന്റെ മുൻ പ്രധാനമന്ത്രി യോഷിഹിരോ, സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരിൽ രാജിവെച്ചു. കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചു. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനവും ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമാണ്.