ടോക്കിയോ: ഒളിമ്പിക്‌സിന് പിന്നാലെ പാരാലംപിക്‌സിലും ടോക്കിയോ ഇന്ത്യയുടെ ഭാഗ്യവേദിയാകുന്നു. ഇന്ന് ഇതുവരെ മാത്രം ഇന്ത്യ സ്വന്തമാക്കിയത് 4 മെഡലുകൾ. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 7 ആയി ഉയർന്നു.ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയ വെള്ളി നേടിയപ്പോൾ സുന്ദർ സിങ് ഗുർജാർ വെങ്കലം സ്വന്തമാക്കി.ഫൈനലിലെത്തിയ മറ്റൊരു ഇന്ത്യൻ താരം അജിത് സിങിന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

ഗെയിംസിൽ ഇന്ന് ഇന്ത്യയുടെ നാലാം മെഡലാണിത്. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമായാണ്(64.35 മീറ്റർ) ദേവേന്ദ്ര ജജാരിയ വെള്ളി നേടിയത്. സീസണിൽ തന്റെ മികച്ച സമയം 64.01 മീറ്റർ സുന്ദർ സിങ് ഗുർജാർ കണ്ടെത്തി. 67.79 മീറ്റർ ദൂരം എറിഞ്ഞ ശ്രീലങ്കയുടെ ഹെറാത് മുടിയനസെലഗേക്കാണ് സ്വർണം.

ഇന്ന് രാവിലെ 10 മീറ്റർ എയർറൈഫിളിൽ അവനിലേഖര ലോക റെക്കോർഡോടെ(249.6) തങ്കമണിഞ്ഞിരുന്നു. പാരാലിംപിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്സാണിത്. ഫൈനലിൽ 249.6 സ്‌കോർ നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്‌നിക് (227.5) വെങ്കലം നേടി. 2018ൽ 249.6 സ്‌കോറോടെ ലോക റെക്കോർഡ് സ്ഥാപിച്ച ഇരിനയെയാണു ടോക്കിയോയിൽ അവാനി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയത്.

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എ56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റർ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.

ദേശീയ കായികദിനമായ ഇന്നലെ ഇന്ത്യ പാരാലിംപിക്സിൽ ഇരട്ടവെള്ളി സ്വന്തമാക്കിയിരുന്നു. ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലിന്റെ വെള്ളിനേട്ടത്തിന് പിന്നാലെ ഹൈംജംപിൽ നിഷാദ് കുമാറും വെള്ളി നേടി. ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലം സ്വന്തമാക്കി

ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദിച്ചു. ദേവേന്ദ്രക്കും സുന്ദറിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് മോദി അഭിനന്ദനം അറിയിച്ചത്.