മറയുർ: കാട്ടാനയുടെ അക്രമണത്തിൽ നിന്ന് തന്റെ ഉടമസ്ഥനെയും കുടുംബത്തെയും ടോമി രക്ഷിച്ചെടുത്തത് സ്വന്തം ജീവൻ നൽകി. കലിപൂണ്ട് വീടിനു നേരെ പാഞ്ഞടുത്ത കൊമ്പൻ വയറിൽ കുത്തി കൊമ്പിൽ കോർത്തെടുട്ടപ്പോഴും ഒറ്റയാന്റെ കണ്ണിൽ മാന്തിയാണ് ടോമി എന്ന വളർത്തുനായ തന്റെ യജമാനനന്റെ കുടുംബത്തെ കാത്തത്.ഒടുവിൽ വയറിൽ ആഴത്തിലേറ്റ മുറിവിനെത്തുടർന്ന് ടോമി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കാന്തല്ലൂരിലാണ് സംഭവം.ചൊവ്വാഴ്ച അർധരാത്രിയോടെ വനാതിർത്തിയിലെ കൃഷികൾ ചവിട്ടിമെതിച്ച ശേഷം ആന കാന്തല്ലൂർ കുണ്ടകാട്ടിൽ സോമന്റെ പറമ്പിലേക്കു കയറാൻ ശ്രമിക്കവേ കമ്പിവേലിയിൽ കുരുങ്ങി.ഇതോടെ കലിയിളകിയ ആന വേലി തകർത്ത് സോമന്റെ വീടിനുനേരെ പാഞ്ഞടുത്തു. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കൾ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളിൽത്തന്നെ ഇരിക്കുകയായിരുന്നു.

എന്നാൽ തന്റെ ഉടമയും കുടുംബവും അപകടത്തിലാണെന്ന് മനസിലാക്കിയ ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തുകയായിരുന്നു. വീടിന്റെ തൂണിൽ പിടിച്ച് വലിക്കുകയായിരുന്ന കൊമ്പന്റെ കാലിൽ ടോമി കടിച്ചതോടെ ആന പിടിവിട്ട് ടോമിക്ക് നേരെ തിരിഞ്ഞു.വീണ്ടും കുരച്ചുകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച ടോമിയെ ആന കൊമ്പിൽ കോർത്തെടുത്തു. വയറ്റിൽ ആനക്കൊമ്പ് തുളഞ്ഞുകയറിയെങ്കിലും ആനയുടെ കണ്ണിൽ ടോമി മാന്തി. ഇതോടെ നായയെ കുടഞ്ഞെറിഞ്ഞ് ആന സ്ഥലംവിട്ടു.

ഗുരുതരമായി പരുക്കേറ്റ ടോമി ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങി.