ലണ്ടൻ: ലണ്ടൻ ആസ്ഥാനമായി യുവാൻ ബ്ലെയർ സ്ഥാപിച്ച വിദ്യാഭ്യാസ സാങ്കേതികവിദ്യാ സംരംഭത്തിന്റെ മൂല്യം 147 ദശലക്ഷം പൗണ്ടായി ഉയർന്നതോടെ യുവാന്റെ സമ്പാദ്യം 73 ദശലക്ഷമായി വർദ്ധിച്ചു. അപ്രന്റീസ്ഷിപ്പിനുള്ള സാധ്യതകൾ കണ്ടെത്തുകയും, ബിരുദധാരികളല്ലാത്തവരെ പരിശീലിപ്പിച്ച് ജോലി നേടിക്കൊടുക്കുകയും ചെയ്യുന്ന സ്ഥാപനം പുതിയ 32 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തോടെ അടുത്തകാലത്ത് ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു.

വൈറ്റ്ഹാറ്റ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഈ സംരംഭത്തിന് ഇപ്പോൾ മൾട്ടിവേഴ്സ് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 147 മില്ല്യൺ പൗണ്ട് മൂല്യമുള്ള ഈ കമ്പനിയുടെ 50 ശതമാനം ഓഹരികൾ യുവാന്റെ പേരിലാണ്. ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജീവിതമാരംഭിച്ച യുവാൻ പിന്നീട് ബിസിനസ്സ് രംഗത്തേക്ക് തിരിയുകയായിരുന്നു. ഇതോടെ യുവാൻ തന്റെ പിതാവിനേക്കാൾ വലിയ ധനികനായി മാറി. 2015-ൽ ടെലഗ്രാഫ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മൊത്തം ആസ്തി 60 മില്ല്യൺ പൗണ്ടായിരുന്നു.

2016 ലാണ് വൈറ്റ്ഹാറ്റ് എന്നപേരിൽ യുവാൻ കമ്പനി സ്ഥാപിക്കുന്നത്. ആദ്യവർഷം 4 ലക്ഷം പൗണ്ടിന്റെ നഷ്ടത്തിലായിരുന്നു കമ്പനി. എന്നാൽ, പലിശരഹിത വായ്പ ലഭിച്ചതിനാൽ കമ്പനിക്ക് മുന്നോട്ട് പോകാനായി. 2017-ൽ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയായിരുന്നു ഈ വായ്പ നൽകിയത്. അത് ടോണി ബ്ലെയർ ആയിരുന്നോ എന്ന് അന്ന് അദ്ദേഹത്തോട് പല മാധ്യമങ്ങളും ചോദിച്ചിരുന്നെങ്കിലും അതിന് വ്യക്തമായ ഒരു മറുപടി അദ്ദേഹം നൽകുകയുണ്ടായില്ല.

ഇതിന്റെ ആദ്യകാലങ്ങളിൽ ജെഫ്ഫ് ബെസോസിന്റെയുംബിൽ ഗെയ്റ്റ്സിന്റെയും പിന്തുണ ഇതിനുണ്ടായിരുന്നു. ഉചിതമായ തൊഴിലിലേക്കുള്ള അവസരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഉദ്ദേശമെന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായി ആധുനിക ലോകത്തിന് ആവശ്യമായ പ്രൊഫഷണലുകളെ സൃഷ്ടിച്ചെടുക്കാനുള്ള പരിശീലന പരിപാടികളാണ് ഇവർ ചെയ്യുന്നത്.

1999 -ൽ അമ്പത് ശതമാനം ബ്രിട്ടീഷുകാരും യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടണം എന്നതാണ് തന്റെ സ്വപ്നമെന്ന് പറഞ്ഞ ടോണി ബ്ലെയറിന്റെ പുത്രന്പക്ഷെ ഏതൊരു ജോലിക്കുമുള്ള യോഗ്യതയ്ക്കുള്ള ഒറ്റമൂലിയായി കണക്കാക്കുന്ന യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളോട് പുച്ഛമാണ്. യൂണിവേഴ്സിറ്റി ബിരുദമില്ലാത്തവർക്കും ആധുനിക സാങ്കേതിക വിദ്യയിൽ പരിശീലനം നൽകി അവരെ തൊഴിലിന് പ്രാപ്തരാക്കുകയാണ് യുവാന്റെ ലക്ഷ്യം.