മുംബൈ: ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ മിന്നൽ മുരളിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കയാണ് ആരാധകർ. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി തീയറ്ററിലേക്ക് എത്തുന്നത്. അതിനിടെ ക്രിക്കറ്റിലെ സൂപ്പർഹീറോയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ബാറ്റ്‌സ്മാൻ യുവരാജ് സിങ്ങിനെയാണ് ടൊവിനോ കണ്ടത്. മിന്നൽ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

യുവരാജിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവച്ചത്. 'എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാൻ. താങ്കൾക്കൊപ്പം അൽപസമയം ചെലവഴിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,' എന്നും ടൊവിനോ കുറിച്ചു.