തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എട്ട് വർഷത്തിനിപ്പുറവും കേസിൽ തുടരന്വേഷണ സാധ്യത ഏറെയാണ്. കെകെ രമക്കും ആർഎംപിക്കും ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.

തെളിവു ശേഖരിക്കുന്നതിലുണ്ടായ തിരിച്ചടികൾ ആഭ്യന്തരമന്ത്രിയായിരിക്കെ മനസിലാക്കിയിട്ടുണ്ട്. അവ വീണ്ടെടുക്കാൻ വീണ്ടും ശ്രമം നടത്തേണ്ടതുണ്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണത്തിന് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് ശ്രമങ്ങൾ നടന്നെങ്കിലും മുന്നോട്ട് നീങ്ങിയിരുന്നില്ല.യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

തുടരന്വേഷണത്തിന് വേണ്ടി പുതിയ സർക്കാരിനോട് സമ്മർദം ചെലുത്തുമെന്ന് കെ കെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഉറപ്പ് ലക്ഷ്യത്തിൽ എത്തിയില്ല എന്നതാണ് കെകെ രമയുടെയും ആർഎംപിയുടെയും വികാരം. അതുകൊണ്ടാണ് ടിപി വധക്കേസിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം വേണമെന്നുള്ള ആവശ്യമുന്നയിച്ചത്.