കൊച്ചി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി മന്ത്രി പി രാജീവ്. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി രാജീവ്. പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ നിരക്കലേക്ക് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിട്ടിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി ഒരു പഞ്ചായത്തിൽ മാത്രമാണ് 50 ശതമാനത്തിലധികമുള്ളതെന്നും പി രാജീവ് പറഞ്ഞു. അവിടെ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും രാജീവ് പറഞ്ഞു.

ജില്ലയിൽ ലോക്ക്ഡൗൺ കൊണ്ട് നല്ലരീതിയിൽ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ 35 ശതമാനമായിരുന്നു ടിപിആർ നിരക്ക്. അത് 24 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 10 ശതമാനമാക്കി കുറയ്ക്കാനുള്ള ശ്രമമാണ് ജില്ലയിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണത്തിൽ ഒരാഴ്ച തുടർച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയർന്നു. ഒരാഴ്ചക്കുള്ളിൽ നിരക്ക് 90 ശതമാനമായി ഉയരുമെന്നും അവലോകനയോഗത്തിൽ കലക്ടർ അറിയിച്ചു.