ചിറക്കൽ: ഇന്ന് രാവിലെ കണ്ണൂർ ചിറക്കൽ ഗേറ്റിൽ തീവണ്ടി അപകടത്തിൽ മരണപ്പെട്ടത് ഒരു കുടുംബത്തിന്റെ തന്നെ പ്രതീക്ഷയായിരുന്ന പെൺകുട്ടി.കുട്ടിയുടെ പിതാവ് കിഷോർ രോഗബാധിതനായി അടുത്ത കാലത്താണ് മരണമടഞ്ഞത്.ഇതിന്റെ ആഘാതം കുടുംബത്തെയും ബന്ധുക്കളെയും വിട്ടു മാറുന്നതിന് മുൻപാണ് നന്ദിതയുടെയും അപകട മരണം.അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു ദാരുണസംഭവം

കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി മാറിൽ മാതാവ് എത്തുകയായിരുന്നു. റെയിൽവേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ എത്തിച്ച് മാതാവ് മടങ്ങാനിരിക്കെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കക്കാട് ഭാരതീയ വിദ്യാഭവൻ പ്‌ളസ് വൺ വിദ്യാർത്ഥിനിയാണ് പതിനാറുകാരിയായ നന്ദിത.

കണ്ണൂർ ചിറയ്ക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ രാവിലെ 7.45 ഓടെയായിരുന്നു അപകടം ഉണ്ടായത്.തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് ആണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്.ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് കാർ നിർത്തി.തുടർന്ന് കുട്ടി ട്രാക്ക് മുറിച്ചുകടന്ന് ഗേറ്റിന് അപ്പുറത്തേക്ക് പോകുകയായിരുന്നു.

കുട്ടി പാളം കടന്നിരുന്നുവെന്നും, എന്നാൽ കുട്ടിയുടെ പിന്നിലെ ബാഗ് ട്രെയിനിൽ കൊളുത്തിയതിനെ തുടർന്ന് കുട്ടി തെറിച്ചു വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ എകെജി ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അലവിൽ നുച്ചി വയലിലെ പരേതനായ കിഷോറിന്റെയും ലിസിയുടെയും ഏക മകളാണ് നന്ദിത