മംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ നിയന്ത്രണം കടുപ്പിച്ചതോടെ യാത്രക്കാർ കുറഞ്ഞതിനെ തുടർന്ന് റദ്ദാക്കിയ ട്രെയിനുകൾ റെയിൽവേ പുനഃസ്ഥാപിച്ച് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം-ബാനസവാടി(06129/30), കൊച്ചുവേളി-ബാനസവാടി ഹംസഫർ(06319/20) ട്രെയിനുകൾ പുനഃസ്ഥാപിച്ചിരുന്നു.

നിലവിൽ എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി(02677/78), കന്യാകുമാരി-ബെംഗളൂരു(06525/26), കൊച്ചുവേളി-മൈസൂരു(06315/16), എറണാകുളം-ബാനസവാടി സ്പെഷൽ(06161/62), മംഗളൂരു വഴിയുള്ള ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്(06515/16) എന്നിവയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ളത്. കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർവീസുകൾ ഘട്ടംഘട്ടമായി റെയിൽവേ പുനഃസ്ഥാപിക്കുന്നത്.

ഹംസഫർ സ്പെഷൽ(06319/20) വ്യാഴം, ശനി കൊച്ചുവേളിയിൽ നിന്നും വെള്ളി, ഞായർ ബെംഗളൂരുവിൽ നിന്നും സർവീസ് നടത്തും. വൈകിട്ട് 6.05നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.30നു ബാനസവാടിയിലെത്തും. മടക്ക ട്രെയിൻ രാത്രി ഏഴിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.35നു കൊച്ചുവേളിയിലെത്തും. ബനാസ്വാടി കൊച്ചുവേളി ഹംസഫർ ദ്വൈവാര സ്‌പെഷ്യൽ(06320) ഇന്നു മുതലാണ് ഓടിത്തുടങ്ങിയത്.

എറണാകുളം-ബാനസവാടി(06129/30; 06161/62) ട്രെയിനുകൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 4.50ന് പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ നാലിനു ബാനസവാടിയിലെത്തും. മടക്കട്രെയിൻ രാത്രി ഏഴിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിന് എറണാകുളത്തെത്തും. ഈ ട്രെയിനുകൾക്കും ഹംസഫറിനും ബംഗാർപേട്ടിലും കെആർ പുരത്തും സ്റ്റോപ്പ് ഉണ്ട്.