കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീ കൊളുത്തി മരിച്ചനിലയിൽ. തോട്ടട സമാജ്‌വാദി കോളനി സ്വദേശി സ്‌നേഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ കൊളുത്തി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്‌നേഹ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2019ലായിരുന്നു സ്നേഹ ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായത്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്നേഹയുടെ പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണം തേടുകയാണ് നാട്ടുകാരും.

കോർപ്പറേഷനിലെ മുപ്പത്തിആറാം ഡിവിഷനായ കിഴുന്നയിൽനിന്നുമാണ് സ്‌നേഹ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശബ്ദം സമൂഹം മുഴുവൻ കേൾപ്പിക്കാനും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടട സമാജ്വാദി കോളനി ഉൾപ്പെടുന്ന പ്രദേശത്തിന്റെ മാറ്റത്തിനുവേണ്ടിയുമാണ് മത്സരിക്കുന്നതെന്നായിരുന്നു സ്‌നേഹയുടെ നിലപാട്. 90 വോട്ടുകൾ മാത്രമാണ് സ്‌നേഹ നേടിയത്.

2019 ഏപ്രിൽ 17ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സ്നേഹയുടെ ലിംഗമാറ്റ ശസ്ത്രക്രിയ. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രിക്കിടക്കയിൽ നിന്ന് പോളിങ് ബൂത്തിലെത്തി അന്നും വോട്ട് ചെയ്തിരുന്നു സ്നേഹ. കണ്ണൂർ മണ്ഡലത്തിലെ അ‍ഞ്ച് ട്രാൻസ് വോട്ടർമാരിൽ ഒരാളായി സ്നേഹയും മാറുകയായിരുന്നു. സ്നേഹ കുടുംബശ്രീ പ്രവർത്തകയായിരുന്ന സ്നേഹ ചിപ്സ് നിർമ്മാണ യൂണിറ്റിന്റെ സെക്രട്ടറിയുമായിരുന്നു സ്നേഹ.

കണ്ണൂരിലെ ആനക്കുളത്ത് നന്മ അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് രൂപീകരിച്ച ഉപ്പേരി ഉൽപാദന യൂണിറ്റായ നൈസിയുടെ പ്രവർത്തകയായിരുന്നു സ്നേഹ. അഞ്ച് വ്യത്യസ്ത ചിപ്സുകൾ യൂണിറ്റിൽ ഉൽപാദിപ്പിക്കുന്നു. മാസം ശരാശരി 2000 കിലോഗ്രാം ചിപ്സിന്റെ വിൽപ്പന ഇവിടെ നടന്നിരുന്നു