കോയമ്പത്തൂർ: കനത്ത മഴ തുടരുന്നതിനിടയിൽ നാട്ടിലെ പച്ചപ്പ് കാണാനിറങ്ങിയ കൊമ്പൻ ചെളിയിൽ വഴുതിവീണു. വനപാലകരും ഡോക്ടർമാരും മണിക്കൂറുകളോളം ശ്രമിച്ച് രക്ഷപ്പെടുത്തിയപ്പോൾ ശൗര്യക്കാരൻ ഒടുവിൽ വനപാലകരെ തന്നെ വിരട്ടിയോടിച്ചു.

എട്ടുവയസ്സുള്ള കൊമ്പനാണ് തനിച്ച് കാട് ഇറങ്ങിയത്. ചളിയിൽ കാലുകൾ കുടുങ്ങി എണീക്കാൻ സാധിക്കാതെ അലറിയ ശബ്ദം കേട്ടാണ് വനപാലകരെ വിവരം അറിയിച്ചത്. ഇതേ തുടർന്ന് മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡോ. രാജേഷ് കുമാർ, കോവനൂർ മൃഗസംരക്ഷണ വകുപ്പ് ഡോ. വെട്രിവേൽ, റേഞ്ചർ സെൽവരാജ് എന്നിവർ എത്തി തളർന്നുകിടന്ന ആനയ്ക്ക് ഗ്ലൂക്കോസും മരുന്നുകളും നൽകി.

അഞ്ചുമണിയോടെ ജെ.സി.ബി. എത്തിച്ച് ആനയെ ഉയർത്തി. നിൽക്കാൻ കാലുറച്ചതോടെ കൊമ്പൻ വീണ്ടും കാട്ടിലേക്ക് കയറാതെ വനപാലകരെ വിരട്ടി. പടക്കം പൊട്ടിച്ച് വനത്തിലേക്ക് കയറ്റാനുള്ള ശ്രമം രാത്രിയിലും തുടർന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ പെരിയ നായക്കൻ പാളയം റേഞ്ചിലെ നായക്കൻ പാളയം സൗത്തിലുള്ള സിആർപിഎഫ് ക്യാമ്പിലാണ് സംഭവം.