തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ബിവറേജസിലൂടെ വിറ്റഴിക്കുന്നതിലേക്കുള്ള മദ്യ നിർമ്മാണ ഫാക്ടറിയായ പത്തനംതിട്ട പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലേക്കുള്ള 12 ലക്ഷം രൂപയുടെ 20, 386 സ്പിരിറ്റ് ടാങ്കർ ലോറിയിൽ നിന്നൂറ്റി സ്പിരിറ്റ് മാഫിയക്ക് വ്യാജ മദ്യമുണ്ടാക്കാനായി ബ്ലാക്കിൽ മറിച്ചു വിറ്റ കേസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കാൻ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അറസ്റ്റ് ഭയന്ന് നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർ അലക്‌സ്. പി. എബ്രഹാം സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് സ്പിരിറ്റ് വെട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ഉദ്യോഗസ്ഥ പങ്കാളിത്തവും ബോധ്യപ്പെടാനായി സി ഡി ഫയൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ബ്രാഞ്ച് ഡിവൈഎസ്‌പിയോട് ഉത്തരവിട്ടത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മധ്യ പ്രദേശിൽ നിന്ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് വന്ന ടാങ്കർ ലോറിയെ പിന്തുടർന്ന് പുളിക്കീഴ് ഫാക്ടറിയിലെത്തി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടുകയായിരുന്നു. ലോറിയിൽ നിന്ന് സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ് കിട്ടിയ തൊണ്ടിപ്പണമായ 10. 08 ലക്ഷം രൂപ കൂടി കണ്ടെടുത്തത് വഴി കൃത്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മോഷണക്കുറ്റം കൂടി ഉൾപ്പെട്ടതിനാൽ എക്‌സൈസ് കേസ് പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്‌സ് കമ്പനി.

നാഷണൽ പെർമിറ്റ് ടാങ്കർ ലോറി ഡ്രൈവർമാരായ തൃശൂർ പോട്ട പോട്ടച്ചിറ വ്യാസ സ്‌ക്കൂളിന് സമീപം കൊന്നത്ത് വീട്ടിൽ നന്ദകുമാർ (52) , ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേൽ സിജോ തോമസ് (38) , ട്രാവൻകൂർ ഫാക്ടറി വെയർഹൗസ് മാനേജർ ചെങ്ങന്നുർ പാണ്ടനാട് മണി വീണ വീട്ടിൽ അരുൺകുമാർ (38) , ജനറൽ മാനേജർ അലക്‌സ്. പി. എബ്രഹാം, പഴ്‌സണൽ മാനേജർ ഷാഹിം , പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി , മദ്ധ്യ പ്രദേശ് ബെദുൾ നിവാസി അബു എന്നിവരാണ് സ്പിരിറ്റ് മോഷണക്കേസിൽ നിലവിലുള്ള ഒന്നു മുതൽ 7 വരെയുള്ള പ്രതികൾ. ആദ്യ മൂന്നു പ്രതികൾ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. അതേ സമയം മുഖ്യ പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സമയം നൽകിയിരിക്കുകയാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് വേണ്ടെന്നാണ് ധാരണയെന്നും ആരോപണമുണ്ട്.

ഇതിന് പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ട്. കേസിന്റെ സുപ്രധാന ചുമതല നൽകിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിൽ നിന്ന് നീക്കി സി ബ്രാഞ്ചിഏെൽപ്പിച്ചത് കേസ് അട്ടിമറിക്കാനെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 2021 ജൂൺ 29 നാണ് കേസിനാസ്പദമായ സ്പിരിറ്റ് കൊള്ള നടന്നത്. സ്പിരിറ്റുമായി വന്ന ടാങ്കർ ലോറി ഡ്രൈവർമാരടക്കം 3 പേരാണ് അറസ്റ്റിലായത്. സ്ഥിരമായി കമ്പനിയിൽ മാനേജർമാരായി തുടരുന്നവരുടെ അറിവോടെയാണ് വെട്ടിപ്പ് നടന്നത്. സ്പിരിറ്റ് വെട്ടിപ്പ് ഇവിടെ ആദ്യമല്ല. വർഷങ്ങളായി തുടരുന്നതാണെന്ന് അറസ്റ്റിലായവർ കുറ്റസമ്മത വെളിപ്പെടുത്തൽ മൊഴി നൽകി.

ഇപ്പോൾ അറസ്റ്റിലായ ലോറി ഡ്രൈവർമാർ മാത്രം ഉദ്യോഗസ്ഥ ഒത്താശയോടെ 6 മാസം കൊണ്ട് 50 ലക്ഷം രൂപയുടെ സ്പിരിറ്റ് ലോറിയിൽ നിന്ന് ഊറ്റി മറിച്ചു വിറ്റു. ഈ പണമെല്ലാം മൂന്നാം പ്രതി ഫാക്ടറി ജീവനക്കാരൻ അരുൺ കുമാറിനെയാണ് ഏൽപ്പിച്ചിരുന്നത്. അര ലക്ഷം രൂപയാണ് ഡ്രൈർമാരുടെ പ്രതിഫലം. സ്പിരിറ്റ് വിറ്റു കിട്ടുന്ന പണം ഉദ്യോഗസ്ഥർ തുല്യമായി വീതിച്ചെടുക്കുമെന്നാണ് അരുൺകുമാറിന്റെ മൊഴി. ഇത്തവണ 20,386 ലിറ്റർ സ്പിരിറ്റാണ് മറിച്ചുവിറ്റതെന്ന് കണ്ടെത്തി. മുമ്പും സ്പിരിറ്റ് മറിച്ചു വിറ്റിട്ടുണ്ടെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ജനറൽ മാനേജരും മറ്റു ജീവനക്കാരും നിർദേശിച്ചതനുസരിച്ചാണ് മറിച്ചു വിറ്റത്. ഇങ്ങനെ കിട്ടുന്ന പണം പങ്കിട്ടെടുക്കുകയാണ് പതിവെന്നും അവർ മൊഴി നൽകി.

മധ്യപ്രദേശ് ബെദുവയിലുള്ള ഖോഡിഗ്രാം ഡിസ്റ്റിലറിയിൽ നിന്ന് മൂന്നു ടാങ്കറുകളിലായി 1.15 ലക്ഷം ലിറ്റർ സ്പിരിറ്റാണ് സംസ്ഥാനത്തേക്കു കയറ്റിയയച്ചത്. നന്ദകുമാറും സിജോ തോമസും ഓടിച്ച ടാങ്കറുകളിൽ 40,000 ലിറ്റർ വീതവും മുഹമ്മദ് റാഫിയുടെ ലോറിയിൽ 35,000 ലിറ്ററുമാണ് ഉണ്ടായിരുന്നത്. ജൂൺ 24 ന് ബെദുവയിൽ നിന്ന് പുറപ്പെട്ട ലോറികളിൽ നിന്ന് പിറ്റേന്ന് പുലർച്ചെ 2 ന് മധ്യപ്രദേശിലെ സെന്തുവ എന്ന സ്ഥലത്ത് വച്ചാണ് സ്പിരിറ്റ് ചോർത്തി വിറ്റത്.

നന്ദകുമാറിന്റെ ടാങ്കറിൽ നിന്ന് 12, 682 ലിറ്ററും സിജോ തോമസിന്റെ ടാങ്കറിൽ നിന്ന് 7,699 ലിറ്ററും സ്പിരിറ്റ് ഊറ്റിയെടുത്ത് സ്പിരിറ്റ് മാഫിയാംഗമായ അബുവിന് കൈമാറി. അബു നൽകിയ 10.08 ലക്ഷം രൂപയാണ് ടാങ്കറുകളിൽ നിന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് കണ്ടെടുത്തത്. അഴിമതിയിലൂടെ സ്പിരിറ്റ് ചോർത്തിയതിലൂടെ സംസ്ഥാന സർക്കാർ ഖജനാവിന് 12 ലക്ഷം രൂപയുടെ അന്യായ നഷ്ടമുണ്ടായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ലോറി പിന്തുടർന്ന് ജൂൺ 30 പുലർച്ചെ പുളിക്കീഴ് ഫാക്ടറിയിലെത്തി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റിന്റെ അളവിലെ കുറവും മോഷണമുതൽ വിറ്റു കിട്ടിയ തൊണ്ടിപ്പണമായ 1.08 ലക്ഷം രൂപയും കണ്ടെത്തിയത്. 2015 ൽ ഇതേ ഫാക്ടറിയിലേക്ക് കൊണ്ടു വന്ന 20,000 ലിറ്റർ സ്പിരിറ്റ് കാണാതായെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

മറിച്ചുവിറ്റ സ്പിരിറ്റിനു പകരം ലോറിയിൽ ബാക്കിയുള്ള സ്പിരിറ്റിൽ വെള്ളം ചേർത്ത് നേർപ്പിച്ച സ്പിരിറ്റ് വച്ചാണ് ബിവറേജസ് ഔട്ട് ലെറ്റിലൂടെ സാധാരണക്കാരടക്കം ' ജവാൻ ' ഉൾപ്പെടെയുള്ള മദ്യം വാങ്ങുന്നത്. സ്പിരിറ്റ് കൊള്ള കണ്ടു പിടിച്ചതിൽ സംസ്ഥാനത്തെ മദ്യപരാണ് ഏറെ ആഹ്ലാദിക്കുന്നത്. ബാർ ഹോട്ടലിൽ കഴിക്കുന്ന മദ്യം കിക്കാവുന്നുണ്ടെന്നും അതേ സമയം ബിവറേജസിലെ മദ്യം എത്ര കുടിച്ചിട്ടും കിക്കാവുന്നില്ലെന്നുമുള്ള മദ്യപരുടെ വർഷങ്ങളായുള്ള പരാതിക്ക് ഇതോടെ പരിഹാരമായെന്നാണ് മദ്യപരുടെ അഭിപ്രായം. ജവാൻ അടക്കമുള്ള മദ്യം നിർമ്മിക്കുന്നത് ട്രാവൻകൂർ ഷുഗേഴ്‌സിലാണ്.