ചണ്ഡീഗഢ്: ബിജെപി നേതാക്കളെ ആക്രമിച്ചെന്ന് ആരോപിച്ച് നൂറ് കർഷകർക്കെതിരെ രാജ്യദ്രോഹ കേസെടുത്ത് ഹരിയാന പൊലീസ്. ഹരിയാന ഡെപ്യൂട്ടി സ്പീക്കർ റൺബീർ ഗാങ്വയടക്കമുള്ള ബിജെപി നേതാക്കളുടെ കാർ ആക്രമിച്ചെന്നാണ് ആരോപണം. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂലൈ 11-നാണ് സംഭവം നടക്കുന്നത്. പുതിയ കാർഷിക ബില്ലിനെതിരായ പ്രതിഷേധം തുടരുകയാണ് കർഷകർ. ഇതിനിടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. രാജ്യദ്രോഹത്തിനപുറമേ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകളും കർഷകർക്കെതിരെ ചുമത്തിയിട്ടുണ്ട്. നേതാക്കളായ ഹരിചരൺ സിങ്, പ്രഹ്‌ളാദസിങഎന്നിവരും കേസിൽ പ്രതികളാണ്.

അതേസമയം ഹരിയാന ഭരിക്കുന്ന ബിജെപി-ജനനായകജനത പാർട്ടി സഖ്യ സർക്കാറിനെതിരെ കർഷകർ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രംഗത്തെത്തുകയും ചെയ്തു. കർഷകർക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നകിസാൻ മോർച്ച ആരോപിക്കുന്നു.