ഗൊരഖ്പുർ: വീടിന് മുകളിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയതിനെ തുടർന്ന് നാല് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. നവംബർ 10ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം.

ചൗരി ചൗരായിലെ മുന്ദേര ബസാർ പ്രദേശത്തെ വീട്ടിലാണ് പാക്കിസ്ഥാൻ പതാക നാട്ടിയത്. സംഭവത്തെ തുടർന്ന് ചില സംഘടനകളും ബ്രാഹ്മിൻ ജൻ കല്യാൺ സമിതിയും പൊലീസിൽ പരാതി നൽകിയിരുന്നു.

കൊടിയുയർത്തിയ വീടിന് മുന്നിലെത്തിയ ചിലർ വീട്ടിലേക്ക് കല്ലെറിയുകയും മുറ്റത്ത് നിർത്തിയ കാർ നശിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞുടൻ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

പ്രദേശത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചതിന് ശക്തമായ നടപടിയെടുക്കുമെന്ന് ഗൊരഖ്പുർ എസ്‌പി മമനോജ് അവാസ്തി പറഞ്ഞു.
വീടിന് മുകളിൽ പാക് പതാക സ്ഥാപിച്ച ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. നാട്ടിയത് ഇസ്ലാമിക മതപരമായ കൊടിയാണെന്നും പാക്കിസ്ഥാൻ പതാകയല്ലെന്നും വീട്ടുകാർ അറിയിച്ചു.