കണ്ണൂർ: വേണ്ടത്ര പരിശോധനകൾ നടത്താതെ കാൽമുട്ടിൽ സ്റ്റിറോയ്ഡ് കുത്തിവെച്ച് രോഗിയെ രോഗക്കിടക്കയിൽ ആക്കിയെന്ന പരാതിയിൽ പയ്യാവൂർ കാരിത്താസ് മേഴ്‌സി ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനായിരുന്ന ഡോക്ടർക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. ഡോ. സന സുരേഷിന് കോടതി സമൻസ് അയച്ചു. 2019 ൽ നൽകിയ പരാതിയിൽ രണ്ട് വർഷത്തിന് ശേഷമാണ് നടപടി. കോവിഡ് മൂലം കോടതി നടപടികൾ നീണ്ടുപോയപ്പോൾ കേസും വൈകുകയായിരുന്നു.

കണ്ണൂർ ചെമ്പേരിയിലെ വ്യവസായിയായ രഞ്ജൻ മാത്യുവാണ് തന്റെ അമ്മയായ ലൂസി മാത്യുവിനെ രോഗക്കിടക്കയിൽ ആക്കിയ ഡോ. സന സുരേഷിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. രഞ്ജൻ മാത്യുവിനോട് കോടതിയിൽ വന്നു മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ട് വേദന വന്നപ്പോൾ ഷുഗർ പേഷ്യന്റ് എന്ന പരിഗണന നൽകാതെ സ്റ്റിറോയ്ഡ് കുത്തിവെച്ച് അമ്മയെ രോഗക്കിടക്കയിലാക്കി എന്നാണ് രഞ്ജൻ മാത്യു ഫയൽ ചെയ്ത പരാതിയിൽ പറയുന്നത്.

സ്റ്റിറോയ്ഡ് കാരണമുള്ള ഇൻഫക്ഷൻ വന്നപ്പോൾ കാൽമുട്ടിൽ പഴുപ്പ് വന്നു. ഈ പഴുപ്പ് സ്‌പ്രെഡ് ആയി. ഈ പഴുപ്പ് കളയാൻ രണ്ടു ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു.മംഗലാപുരം തേജസ്വിനി ആശുപത്രിയിലും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും അമ്മയെ പ്രവേശിപ്പിക്കേണ്ടി വന്നു. രണ്ടു സർജറികൾ നടത്തി. എന്നാൽ സ്റ്റിറോയ്ഡ് കുത്തിവെച്ച അന്ന് മുതൽ അമ്മ കിടപ്പിലാണ്. ലക്ഷക്കണക്കിന് രൂപ ഇതുവരെ ചികിത്സയ്ക്ക് വേണ്ടി ചെലവായി. ഡോക്ടറുടെ അശ്രദ്ധ കാരണമാണ് ഇങ്ങിനെ സംഭവിച്ചത്. അതിനാൽ ഡോക്ടർക്കെതിരെ ക്രിമിനൽനിയമപ്രകാരം നടപടികൾ കൈക്കൊള്ളണം. പയ്യാവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പരാതിയിൽ നടപടികൾ വന്നില്ല. അതിനാലാണ് കോടതിയിൽ നേരിട്ട് സമീപിക്കുകയാണ്-പരാതിയിൽ പറയുന്നു.

ആശുപത്രിയിൽ ചികിത്സ തേടിയ അന്നുമുതൽ രോഗിയുടെ ഫയൽ ആശുപത്രിയിൽ ഉള്ളതാണ്. ഷുഗർ ഉള്ളപ്പോൾ സ്റ്റിറോയ്ഡ് മുട്ടിൽ കുത്തിവയ്ക്കാറില്ല. കുത്തിവച്ചാൽ ഇൻഫക്ഷൻ വരും. ഇത് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഡോക്ടർ സ്റ്റിറോയ്ഡ് കുത്തിവയ്ക്കുകയായിരുന്നു. വേദന തുടർന്നപ്പോൾ ഞങ്ങൾ നടത്തിയ പരിശോധനയിലാണ് സ്റ്റിറോയ്ഡ് കുത്തിവെച്ച കാര്യം മനസിലാക്കുന്നത്. അപ്പോഴേക്കും കാൽ മുട്ടിലെ പഴുപ്പ് സ്‌പ്രെഡ് ചെയ്തിരുന്നു. രണ്ടു സർജറികൾ അമ്മയ്ക്ക് കാൽ മുട്ടിൽ നടത്തി.

മംഗലാപുരത്ത് തേജസ്വിനി ആശുപത്രിയിൽ ഇതിനായി അമ്മയെ പ്രവേശിപ്പിക്കേണ്ടി വന്നു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാം ഡോ. സന സുരേഷ് കാരണമാണ്. രഞ്ജൻ മാത്യു ആരോപിക്കുന്നു. 2019 ജൂൺ അവസാനമാണ് കാൽ മുട്ട് വേദന മാറാൻ കരിത്താസിൽ ലൂസി മാത്യുവുമായി മകൻ രഞ്ജൻ മാത്യു എത്തുന്നത്. ആശുപത്രിയിൽ സ്ഥിരമായി പോകുന്നതിനാൽ ലൂസി മാത്യുവിന്റെ ഫയൽ ആശുപത്രിയിലുണ്ട്. ഷുഗർ ഉള്ളയാളാണ് ലൂസി മാത്യു. ടോക്കൺ വാങ്ങി അസ്ഥിരോഗ വിദഗ്ദനായ ഡോ. സന സുരേഷിനെ കാണിച്ചു. ലൂസി മാത്യുവിനു ഷുഗർ ഉള്ള കാര്യം ഡോക്ടർക്ക് അറിയാവുന്നതാണ്. എക്‌സ്‌റെ എടുക്കാൻ പറഞ്ഞു. മരുന്നുകളും നൽകി. ഒരാഴ്ച കഴിഞ്ഞിട്ടും കുറവ് കണ്ടില്ല. അതിനാൽ ഓഗസ്റ്റ് മാസം ആദ്യം വീണ്ടും ഡോക്ടറെ കണ്ടു. തുടർന്ന് ഡോക്ടർ നൽകിയത് കെനാകോട്ട്-അ 40 എന്ന സ്റ്റിറോയ്ഡ് ആണ്. ഇത് അമ്മയുടെ മുട്ടിൽ കുത്തിവയ്ക്കുകയാണ് ചെയ്തത്. ഷുഗർ ഉണ്ട് എന്ന കാര്യം ഡോക്ടർ കാര്യമാക്കിയില്ല.

മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വേദന അസഹ്യമായി. വീണ്ടും ഡോക്ടർ മരുന്നുകൾ തന്നു. കാൽമുട്ട് നീര് വന്നു വീർക്കുകയും വേദന അസഹ്യമാവുകയും ചെയ്തപ്പോൾ തളിപ്പറമ്പിലെ വിറ്റൽദാസ് പൈ എന്ന ഡോക്ടറെ കാണിച്ചു. കെനാകോട്ട്-അ 40 ആകാം കാരണം. ഉടനടി മംഗലാപുരത്ത് തേജസ്വിനി ആശുപത്രിയിൽ എത്തിക്കാൻ പറയുകയും ചെയ്തു. അവിടെ അഡ്‌മിറ്റ് ആയി. തുടർന്ന് പഴുപ്പ് നീക്കാൻ കാൽമുട്ട് തുറന്നു ശസ്ത്രക്രിയ നടത്തി. തുടർന്ന് വീട്ടിലേക്ക് മടങ്ങി. പക്ഷെ വീണ്ടും അണുബാധ വന്നു. പഴുപ്പ് നീക്കാൻ വീണ്ടും സർജറി വേണ്ടി വന്നു. അപ്പോൾ ഞങ്ങൾ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു. വീണ്ടും ശസ്ത്രകിയ നടത്തേണ്ടിവന്നു. രഞ്ജൻ മാത്യു പറയുന്നു.

രഞ്ജൻ മാത്യുവിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചതോടെ കേസിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. കോവിഡ് മൂലം രണ്ട് വർഷമായി ഇഴയുകയായിരുന്നു കോടതി നടപടികൾ. ഡോ. സന സുരേഷിന് സമൻസ് അയയ്ക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.