കാലടി: അയൽവാസിയുടെ പുരയിടത്തിലെ വൃക്ഷവും സമീപത്തുനിന്നിരുന്ന ഇലട്രിക് പോസ്റ്റും ഒരുമിച്ച് വീടിനുമുകളിലേയ്ക്ക് മറിഞ്ഞുവീണു. ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടു മാത്രം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവ മാറ്റണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷയിൽ നടപടിയില്ല. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ദുരിതമകറ്റണമെന്ന് കുടുംബം. മലയാറ്റൂർ- നീലേശ്വരം പഞ്ചായത്തിലെ കൊറ്റമം ഇടശേരി ജോർജ്ജും കുടുംബവുമാണ് അധികൃതരുടെയും അയൽവാസിയുടെയും ഉദാസീനത മൂലം കഷ്ടത്തിലായിരിക്കുന്നത്.

20-ന് പുരയുടെ മുകളിലേയ്ക്ക് മരവും പോസ്റ്റും മറിഞ്ഞുവീണ വിവരം വൈദ്യുതവകുപ്പ് ഓഫീസിലും പഞ്ചായത്തിലും ഇവർ അറിയിച്ചെങ്കിലും ഇതുവരെ നടപടിയായില്ല. ഇനിയും മരങ്ങൾ ഒടിഞ്ഞുവീഴുന്നതിനുള്ള സാഹചര്യം നിലനിൽക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ ജോർജ്ജും കുടംബവും ആവശ്യപ്പെടുന്നത്.

ഇപ്പോൾ മറിഞ്ഞുവീണ മാവ് ഉൾപ്പെടെ അപകട ഭീഷിണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് 2018 മുതൽ വിവിധ ഓഫീസുകളിൽ പരാതിയുമായി കയറി ഇറങ്ങിയെന്നും എന്നിട്ടും പരിഹാരമായില്ലെന്നും കഴിഞ്ഞ ദിവസത്തെ അപകടത്തിൽ കുടംബത്തിലുള്ളവരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നും ജോർജ്ജിന്റെ ട്രീസ മറുനാടനോട് വ്യക്തമാക്കി.

പഞ്ചായത്തിൽ മുമ്പും ഇക്കാര്യത്തിൽ പരാതി നൽകിയെങ്കിലും ഭരണസമിതിയോ ബന്ധപ്പെട്ട അധികൃതരോ കാര്യമായി എടുത്തില്ലന്നും ഒരിക്കൽ മാവ് മുറിച്ചുമാറ്റുന്നതിനായി പണിക്കാരെത്തിയെന്നും എന്നാൽ വൈദ്യുതി ലൈൻ മാറ്റാതെ മരം മുറിച്ചുമാറ്റാൻ പറ്റില്ലന്നുപറഞ്ഞ്് ഇവർ സ്ഥലം വിടുകയായിരുന്നെന്നും ട്രീസ വിശദമാക്കി.

മകൻ അപകടത്തിൽപ്പെട്ട് ചികത്സയിലായിരുന്നെന്നും താനും രോഗിയാണെന്നും വീടിനോട് ചേർന്നുനടത്തിവരുന്ന ചായക്കടയാണ് ആകെയുള്ള ഉപജീവന മാർഗ്ഗമെന്നും കുലച്ചുനിന്നിരുന്ന വാഴകൾ അപ്പാടെ നശിച്ചെന്നും ഈ സാഹചര്യം കൂടി പരിഗണിച്ച് ബന്ധപ്പെട്ട അധികൃതർ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ഉടൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കാലടി പൊലീസിൽ പരാതിപ്പെട്ടെങ്കിലും തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ലന്ന് പറഞ്ഞ് കൈകഴുകയായിരുന്നെന്നും ട്രീസ അറിയിച്ചു.