പത്തനംതിട്ട: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡനശ്രമ പരാതിയുമായി ആദിവാസി യുവതി. ഫോൺ ചെയ്ത് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് യുവതി വെച്ചൂച്ചിറ പൊലീസിന് പരാതി നൽകിയത്. വെച്ചൂച്ചിറ-കൊല്ലമുള സിപിഎം ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതിയുടെ പരാതി. പലതവണ താക്കീത് നൽകിയിട്ടും ജോജി മഞ്ചാടി ശല്യം തുടർന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ജോജി മഞ്ചാടി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു.

കോൾ റെക്കോർഡുകൾ അടക്കമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും ജോജി മഞ്ചാടി ഈ ശബ്ദരേഖകളിൽ സമ്മതിക്കുന്നുണ്ട്. ആ നാട്ടിലെ പല സ്ത്രീകളെ കുറിച്ച് മോശമായും ജോജി സംസാരിക്കുന്നത് ശബ്ദരേഖയിലുണ്ട്. ഓരോ തവണ വിളിക്കുമ്പോളും ജോജി ലൈംഗികബന്ധത്തിന് ക്ഷണിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. യുവതി ഓരോതവണയും താൽപര്യമില്ലെന്ന് അറിയിക്കുമ്പോളും ജോജി അവരെ നിർബന്ധിക്കുന്നുണ്ട്.

പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ നടപടികളിൽ പൊറുതിമുട്ടിയ സിപിഎം നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് പുതിയ പരാതി. ആദിവാസി യുവതിയാണ് പരാതിക്കാരി എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയുടെ ഭർത്താവ് കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ പരാതി നൽകിയതോടെ പരാതിക്കാരിക്കെതിരെ ഭീഷണികളുണ്ടാകുന്നുണ്ട്. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും യുവതി പരാതിയിൽ പറയുന്നു. ജോജിയുടെ ഭരണസ്വാധീനം ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി അറിയിച്ചു.

പരാതിയിൽ വെച്ചൂച്ചിറ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാന്നി ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.