കോതമംഗലം: ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം വനംകയ്യേറി കുടിൽ കെട്ടാനുള്ള ആദിവാസികളുടെ നീക്കം തന്ത്രപരമായി നേരിട്ടതോടെ ഒഴിവായത് വൻസംഘർഷം. കുടിൽ കെട്ടാനെത്തിയവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയെന്നും ഇതെത്തുടർന്ന് വൈകിട്ടോടെ അവർ സ്ഥലത്തുനിന്നും പിൻവാങ്ങിയെന്നും തുണ്ടം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മറുനാടനോട് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ആദിവാസികൾ വനം കയ്യേറാൻ നീക്കം നടത്തുന്നതായുള്ള വിവരം പുറത്തറിയുന്നത്.

തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി കുടിൽകെട്ടുന്നതു വിലക്കുകയായിരുന്നു. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 30-ളം വരുന്ന ആദിവാസിസംഘം തങ്ങൾ ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു. കുടിൽകെട്ടി താമസിക്കുന്നതിനുള്ള നീക്കം തടഞ്ഞാൽ 'ഞങ്ങൾ പുഴയിൽ ചാടി മരിക്കുന്നതും നിങ്ങൾ കാണേണ്ടി വരുമെന്ന ഭീഷണിയുമായി ഇവരിൽ ചിലർ രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

പിന്നീട് വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നും സമാവായത്തിനുള്ള നീക്കം ആരംഭിച്ചു. മണിക്കൂറികൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കുടിൽ കെട്ടുന്നതിനുള്ള നീക്കം ഉപേക്ഷിച്ച് ആദിവാസി സംഘം മടങ്ങിയെന്നാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം
ഇന്നലെയാണ് ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടംബങ്ങൾ ഇടമലയാറിൽ വൈശാലി ഗുഹയിൽ നിന്നും 100 മീറ്ററോളം അകലെ ഇടമലയാർ-താളുംകണ്ടം പാതയോരത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസമാരംഭിക്കാനെത്തിയത്.

കൈക്കുഞ്ഞുങ്ങളുൾപ്പെടെ 30 പേർ ഇവിടെയുണ്ടെന്നാണ് അറിയുന്നത്. ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരോട് ഉടൻ സ്ഥലം വിടാൻ ആവശ്യപ്പെട്ടു.തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ലഭിക്കാതെ ഇവിടെ നിന്നും ഒഴിവാകില്ലന്നും ബലംപ്രയോഗിച്ചാൽ പ്രതിഷേധത്തിന്റെ രീതി മാറുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇതോടെ തിരക്കിട്ട നീക്കത്തിൽ നിന്നും വനംവകുപ്പധികൃതർ പിന്മാറുകയായിരുന്നു.സമരത്തിന് പിൻതുണപ്രഖ്യാപിച്ച് ആദിവാസി ഐക്യവേദി പ്രവർത്തക ചിത്ര നിലമ്പൂരും സ്ഥലത്തെത്തിയിരുന്നു. ഇതോടെ സംഘടന തലത്തിൽ നടത്തിയ ആസുത്രിത നീക്കമാണ് കയ്യേറ്റമെന്നും അധികൃതർക്ക് ബോദ്ധ്യമായി.

ദുർഘട ജീവിത സാഹചര്യങ്ങളോടു പൊരുതിയുള്ള ജീവിതം മടുത്തെന്നും പലതവണ മന്ത്രി അടക്കമുള്ളവരെ കണ്ട് സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നു. ഇത് ഇനിയും നടപ്പിലാവാത്ത സാഹചര്യത്തിൽ, ഗതികെട്ടാണ് തങ്ങൾ കുടിൽക്കെട്ടി താമസം ആരംഭിക്കാനെത്തിയതെന്നും കോളനിവാസികൾ രാവിലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

മറുനാടൻ ഈ കോളനിവാസികൾ നേരിടുന്ന വിഷമതകളെക്കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.താമസിക്കാൻ അടച്ചുറപ്പുള്ള വീടും ചികത്സാമാർഗ്ഗവും വേണമെന്നതായിരുന്നു അന്ന് ഇവർ മുന്നോട്ടുവച്ച പ്രധാന ആവശ്യം. കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ചുമക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചിക്ിത്സ കിട്ടാതെ നിരവധി കോളനിവാസികൾ മരണപ്പെട്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

മുമ്പ് ഇടുക്കി ജില്ലയിലും പിന്നീട് എറണാകുളം ജില്ലയിലുമായ കുട്ടമ്പുഴ പഞ്ചായത്തിലാണ് തങ്ങൾ ഉൾപ്പെട്ടിരുന്നതെന്നും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കോളനി തൃശ്ശൂർ ജില്ലയുടെ ഭാഗമാക്കുകയായിരുന്നെന്നും ഇതുകൊണ്ട് ഇന്നുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലന്നുമാണ് ഇവർ വെളിപ്പെടുത്തുന്നത്. തങ്ങൾ അനുഭവിച്ചുവരുന്ന ദുരിത ജീവിതത്തെക്കുറിച്ച് കോളനിവാസികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങിനെ..

45- ളം കുടംബങ്ങളാണ് അറാക്കപ്പ് കോളനിയിൽ താമസിക്കുന്നത്. വാടാട്ടുപാറയിലും മലക്കപ്പാറയിലുമാണ് അവശ്യസാധനങ്ങൾ വാങ്ങാനായി പോകുന്നത്.രണ്ടുസ്ഥലത്തേയ്ക്കും വാഹനസൗകര്യമില്ല. രണ്ട് മണിക്കൂറോളം മലകയറിയറി ഇറങ്ങി, നാലരമണിക്കൂറോളം പോണ്ടി( ഇല്ലികൾ കൂട്ടിക്കെട്ടിയ ചങ്ങാടം)തുഴഞ്ഞാണ് വടാട്ടുപാറയിൽ എത്തുന്നത്.

വന്യമൃഗങ്ങൾ വിലസുന്ന കൊടുകാട്ടിലൂടെ 4 മണിക്കൂറോളം നടന്നാണ് മലക്കാപ്പാറയിൽ എത്തുന്നത്.ചികത്സ ആവശ്യമായി വന്നാൽ ഇവിടെനിന്നും 88 കിലോമീറ്റർ അകലെ ചാലക്കുടി സർക്കാർ ആശുപത്രിയിലെത്തണം. കോളനിയിൽ ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള പെടാപ്പാടാണ് വല്ലാതെ വിഷമിപ്പിക്കുന്നത്.

മുളക്കഷണങ്ങളും ചാക്കും ഉപയോഗപ്പെടുത്തി രോഗിയെ കിടത്തികൊണ്ടുപോകുന്നതിനുള്ള മഞ്ചൽ ഒരുക്കുകയാണ് ഈ ഘട്ടത്തിൽ ആദ്യം ചെയ്യുക.പിന്നെ രോഗിയെ മഞ്ചലിൽ കിടത്തി ,ചുമന്ന് കഴിയാവുന്ന വേഗത്തിൽ കാടും മേടും താണ്ടും.

ആനത്താരകൾ ഉൾപ്പെടുന്നതും കടവയും കരടിയുമൊക്കെ വിഹരിക്കുന്നതുമായ വനപാതയിലൂടെയാണ് രാവും പകലുമൊക്ക രോഗിയെയും കൊണ്ടുപോകേണ്ടത്. ഏകദേശം 4 മണിക്കൂറോളമെടുക്കും മലക്കപ്പാറയിൽ എത്താൻ.വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ ഇവിടെ നിന്നും വാഹനത്തിൽ 88 കിലോമീറ്റർ അകലെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തണം.ഒന്നര മണിക്കൂറോളം ഇതിനായും വേണം.ചിലപ്പോഴൊക്കെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതുമൂലം രോഗി കൺമുന്നിൽ പിടഞ്ഞുമരിക്കുന്നത് ഉറ്റവർക്ക് നോക്കി നിൽക്കേണ്ടിയും വന്നിട്ടുണ്ട്.അടുത്തകാലത്ത് ഇങ്ങിനെ മൂന്നുപേർ മരിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ഏറെ ഭയപ്പെട്ടാണ് മലമുകളിലൊക്കെ താമസിച്ചിരുന്നത്.സുരക്ഷിതമായ സ്ഥലങ്ങളിൽ അടച്ചുറപ്പുള്ള വീട് നിർമ്മിച്ചുനൽകണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നതാണ്. മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഒരുപരിഹവുമായിട്ടില്ല.ഇന്ന് ശരിയാവും നാളെ ശരിയാവും എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

താമസിക്കാൻ അടച്ചുറപ്പുള്ള വീട് എല്ലാവർക്കും ലഭ്യമാക്കുമെന്നുള്ള സർക്കാർ പ്രഖ്യാപ നത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് മന്തിക്ക് നിവേദനം സമർപ്പിച്ചത്. ആർക്കും കൃത്യമായ വരുമാന മാർഗ്ഗങ്ങളില്ല. കുറച്ച് ഭൂമിയുണ്ട്. ഇതിൽ കൃഷിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. ഇപ്പോൾ കൃഷിയിൽ നിന്നും കാര്യമായ വരുമാനമില്ല.ഈറ്റവെട്ടുള്ള അവസരങ്ങളിൽ കുറച്ചു പേർക്ക് പണികിട്ടും.പുറമെ കൂലിപ്പണിക്കുപോയിട്ടാണ് മറ്റൊരുകൂട്ടർ പട്ടിണിയില്ലാതെ കഴിയുന്നത്.

സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്തത് ഭാവിജീവിതം അനിശ്ചിതമാക്കിയിരിക്കുകയാണ്. മലക്കപ്പാറയിലെ ട്രൈബൽ സ്‌കൂളിലാണ് കുട്ടികളുടെ പഠനം.ഇവിടെ ഹോസ്റ്റൽ സൗകര്യവുമുണ്ട്. സുരക്ഷിതമായ സ്ഥലത്ത്, അടച്ചുറപ്പുള്ള വീടും തൊഴിലും ചികത്സാകേന്ദ്രങ്ങളിലെത്താൻ ഗതാഗത മാർഗ്ഗവും അത്യവശ്യമായി വേണ്ട കാര്യങ്ങളാണ്.ഇനി ഇക്കാര്യങ്ങളിൽ തീരുമാനമാതെ പിന്നോട്ടില്ല.കോളിനവാസികൾ നയം വ്യക്തമാക്കി.