സുൽത്താൻബത്തേരി: കോവിഡ് രണ്ടാംതരംഗത്തിലും ജില്ലയിൽ തന്നെ മികച്ച പ്രതിരോധം തീർത്ത പഞ്ചായത്താണ് നൂൽപ്പുഴ. എന്നാൽ രോഗ സ്ഥീരികരണ തോത് ടിപിആർ ഉയർന്നതിനാൽ ഇന്നലെ മുതൽ ഇവിടം ട്രിപ്പിൾ ലോക്ഡൗണിലാണ്. പഞ്ചായത്തിലെ പ്രധാന ടൗൺ ആയ കല്ലൂർ ഉൾപ്പെടുന്ന ആറാം വാർഡിൽ രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

ഇന്നലെ വരെ രേഖപ്പെടുത്തിയ ടിപിആർ 20.64 ആണ്. ഏറ്റവും കൂടുതൽ ആദിവാസി കോളനികൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കൂടിയായതിനാൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കുറ്റമറ്റ രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. രണ്ടാം തരംഗത്തിൽ വേഗത്തിൽ ടിപിആർ കുറഞ്ഞ പഞ്ചായത്തുകളിലൊന്ന് നൂൽപ്പുഴയായിരുന്നു.

ഇക്കാരണം കൊണ്ട് തന്നെ ആദിവാസി കോളനികളില്ലെല്ലാം കേസുകൾ തീർത്തും കുറവാണ്. നിലവിൽ ആറാം വാർഡിൽ മാത്രമാണ് രോഗികൾ കൂടുതൽ ഉള്ളത്. ടിപിആർ നിരക്ക് ഉയർന്നതിന്റെ പേരിൽ മാത്രമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ വരുത്തിയിട്ടുള്ളത്. അതേസമയം ജൂലൈ മാസത്തെ രോഗികളുടെ എണ്ണമെടുത്താൽ ഇതര പഞ്ചായത്തുകളേക്കാളും കുറവുമാണ്. 15-ാം തീയ്യതി വരെ ആകെ 141 പേർക്കാണ് നൂൽപ്പുഴയിൽ രോഗം സ്ഥിരീകരിച്ചത്.

ഈ സമയത്തിനുള്ളിൽ തൊട്ടടുത്ത പഞ്ചായത്തായ നെന്മേനിയിൽ 229 പേർക്ക് സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആറാം വാർഡിൽ മാത്രമാണ് നിലവിൽ കേസുകൾ അധികമുള്ളതെന്നും നുൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ. ദാഹർ മുഹമ്മദ് ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ജൂലൈമാസം പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ട് മാത്രമാണ് ടിപിആർ ഉയർന്നത്. പ്രതിരോധം കുറ്റമറ്റ രീതിയിൽ മുന്നോട്ടുപോകുന്നതായും അദ്ദേഹം അറിയിച്ചു. നൂൽപ്പുഴയെ കൂടാതെ അമ്പലവയൽ (16.04), മീനങ്ങാടി (17.26), തവിഞ്ഞാൽ (17.68) പഞ്ചായത്തുകളും ഡി. വിഭാഗത്തിലുൾപ്പെട്ടിട്ടുണ്ട്.