കൊച്ചി: 52 ദിവസത്തെ ട്രോളിഗം നിരോധനം കഴിഞ്ഞ് ഞായറാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനത്തിനായി ബോട്ടുകൾ കടലിലേക്ക് പോയിത്തുടങ്ങും. മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, തോപ്പുംപടി, ചവറ, നീണ്ടകര തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ നിന്നായി ചെറുതും വലുതുമായ ആയിരക്കണക്കിന് ബോട്ടുകളാണ് വലിയ പ്രതീക്ഷകളുമായി കടിലേക്ക് പോകാൻ തയാറായി നിൽക്കുന്നത്.

കിളി, കണവ, കരിക്കാടി ചെമ്മീൻ, തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യ ദിനങ്ങളിൽ സാധാരണ ലഭിക്കാറ്. എന്നാൽ ഇക്കുറി മൺസൂൺ മഴയുടെ കുറവ് ഈ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

കാലവർഷത്തിൽ കാര്യമായി കാറ്റുകോളുമുണ്ടാക്കാതിരുന്നതിനാൽ കടൽ ഇതുവരെ ഇളകിയില്ല. ഇതു പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് കാര്യമായി ദോഷം ചെയ്തിരുന്നു. സമാന സാഹചര്യം ബോട്ടുകൾക്കും പ്രതികൂലമാകുമെന്നാണ് ബോട്ടുടമകളുടെയും ആശങ്ക.