ലണ്ടൻ: ലോറെൻ ഷാവേഴ്സ് എന്ന 19 കാരന് എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അന്നും. പതിവുപോലെ തന്റെ ജോലി തുടരുകയായിരുന്നു അയാൾ. അതിന്റെ ഭാഗമായിട്ടായിരുന്നു ആ ഇൻഡസ്ട്രിയൽ ട്രക്ക് ഓടിച്ച് പാലത്തിനു കുറുകേ പോയതും. പക്ഷെ, തന്നെ കാത്തിരിക്കുന്ന വിധി എന്തെന്ന് അയാൾക്ക് അറിയില്ലായിരുന്നു. ആ പാലത്തിൽ നിന്നും 50 അടി താഴ്‌ച്ചയിലേക്ക് ലോറനും ട്രക്കും കൂടി പതിക്കുകയായിരുന്നു. മാത്രമല്ല, ആ വീഴ്‌ച്ചയിൽ ട്രക്കിനടിയിൽ അയാൾ കുടുങ്ങിപ്പോവുകയുംചെയ്തു.

അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മുഴുവൻ ചതഞ്ഞരഞ്ഞിട്ടും വലതുകൈ പൊട്ടിത്തകർന്നിട്ടും അയാൾക്ക് ബോധം നശിച്ചിരുന്നില്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും ആ കൗമരക്കാരൻ മനോധൈര്യം കൈവിട്ടില്ല. ജീവൻ രക്ഷിക്കാൻ ഹെമിക്രോപെരിക്ടോമി ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ അയാൾ തയ്യാറായി. ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ അയാളുടെ അരയ്ക്ക് താഴെയുള്ള ഭാഗം നിശ്ശെഷം നീക്കം ചെയ്യുകയായിരുന്നു.

ഈ ശസ്ത്രക്രിയ ചെയ്യുമ്പോഴും ലോറന്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. അക്കാര്യം അവർ അയാളുടെ കാമുകിയോട് പറയുകയും ചെയ്യും. ഇനിയുമൊരുനാൾ കൂടി തന്റെ പ്രിയതമൻ ജീവിച്ചിരിക്കില്ല എന്ന ദുഃഖത്തിൽ പിടയ്ക്കുന്ന ഹൃദയവുമായി ആറു ദിവസങ്ങളിലാണ് അവൾ അയാൾക്ക് യാത്രാമൊഴി ചൊല്ലിയത്. എന്നാൽ, ദൈവമേന്ന അദൃശ്യ ശക്തിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

അരയ്ക്ക് താഴെ ശരീരമില്ലാതെയാണെങ്കിലും ലോറൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാമുകിയുമായി പരിചയപ്പെട്ടിട്ട് വെറും 18 മാസങ്ങൾക്കുള്ളിലായിരുന്നു ഈ അപകടം നടന്നത്. എന്നാൽ, ഈ അപകടം ആ രണ്ട് ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുകയായിരുന്നു. ദൈവം നേരിട്ടിറങ്ങി സ്പർശിച്ച ആ ഹൃദയങ്ങളിൽ ഉണ്ടായിരുന്നത് നിഷ്‌കളങ്കമായ സ്നേഹം മാത്രമായിരുന്നു.ഈ വർഷം അവർ വിവാഹ നിശ്ചയം നടത്തി.

ഒരു യൂട്യുബ് വീഡിയോയിലൂടെ മൊണ്ടാനയിലെ ലോറെൻ തന്നെയാണ് ഇക്കഥ പുറം ലോകത്തെ അറിയിച്ചത്. അപകടത്തിന്റെ ഓരോ നിമിഷങ്ങളും ഓർമ്മിക്കുന്ന ലോറന് പക്ഷെ അതൊന്നും തന്നെ വേട്ടയാടുന്ന പേടിസ്വപ്നങ്ങളല്ല. മരണമോ ജീവിതമോ എന്ന സമസ്യയിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആ മനസ്സിന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ അത്തരം ഓർമ്മകൾ വെറും തമാശകൾ മാത്രം.തന്റെ കുടുംബാംഗങ്ങളും, പ്രിയപ്പെട്ട കാമുകി സാബിയയും തനിക്ക് ചുറ്റും സദാനേരമുള്ളപ്പോൾ എന്തിനെയാണ് ഭയക്കേണ്ടത് എന്നാണ് ലോറൻ ചോദിക്കുന്നത്.

ഒരു പാലത്തിന്റെ പുനർനിർമ്മാണം നടക്കുന്ന സ്ഥലത്ത് തൊഴിലാളിയായിരിക്കെ 2019 ലായിരുന്നു ലോറന് ഈ അപകടം ഉണ്ടായത്. പാലത്തിൽ പണി നടക്കുന്നതിനാൽ, ചെറിയൊരു ഭാഗം മാത്രമേ ഗതാഗത യോഗ്യമായിട്ട് ഉണ്ടായിരുന്നുള്ളു. എതിർഭാഗത്തു നിന്നും വന്ന കാറിന് വഴികൊടുക്കാൻ വശത്തേക്ക് ഒതുക്കിയപ്പോഴാണ് ലോറൻ ഓടിച്ച ട്രക്ക് താഴേക്ക് പതിച്ചത്. ലോറെൻ ട്രക്കിൽ നിന്നും പുറത്തേക്ക് ചാടിയെങ്കിലും അയാളുടെ മീതെ ട്രക്ക് പതിക്കുകയായിരുന്നു.