വാഷിംങ്ടൺ: തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ താമസം വരുന്നതിനാൽ അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ ഫല പ്രഖ്യാപനം വൈകും. തെരഞ്ഞെടുപ്പ് ഫല സൂചനകൾ പ്രതികൂലമെങ്കിൽ പാർട്ടി അണികൾ തെരുവിലിറങ്ങി പ്രതിഷേധം നടത്താനുള്ള സാധ്യത മുൻകൂട്ടി കണ്ട് അമേരിക്കൻ ഭരണകൂടം.ഇതേത്തുടർന്ന് വാഷിങ്ടണിൽ വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തിൽ വേലി കെട്ടി സുരക്ഷയൊരുക്കിയിരിക്കുകയാണ്.

ന്യൂയോർക്ക് നഗരത്തിൽ കടകളും സ്ഥാപനങ്ങളും അടച്ചിട്ട് സുരക്ഷയൊരുക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്.തെരഞ്ഞെടുപ്പു ഫലത്തിൽ തർക്കമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നിർണായക സംസ്ഥാനങ്ങളിൽ വോട്ടിങ് സംബന്ധിച്ചോ വോട്ടെണ്ണൽ സംബന്ധിച്ചോ പരാതിയുമായി പാർട്ടികൾ കോടതിയെ സമീപിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ തെരഞ്ഞെടുപ്പ് വാച്ച് പാർട്ടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.250 വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വാച്ച് പാർട്ടിയാണ് ട്രംപ് നടത്തുന്നത്. അതേസമയം ജോ ബൈഡൻ ഡെലവേറിലാണ് ഉള്ളത്. ഇവിടെ ജോ ബൈഡൻ വിജയിച്ചിരിക്കുകയാണ്.ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീർക്കാൻ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന.

ഇലക്ടറൽ കോളേജുകളിലെ 538 അംഗങ്ങളിൽ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്. തെരഞ്ഞെടുപ്പ് ദിവസം പെൻസിൽവാനിയ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ സന്ദർശനം നടത്തിയിരുന്നു. സമാനമായി മിഷിഗനിലെ ഗ്രാൻഡ് റാപിഡ്‌സിൽ അർധരാത്രി അണികളുടെ യോഗം നടത്തി ട്രംപും രംഗത്തെത്തിയിരുന്നു.വെർജീനിയയും ന്യൂയോർക്കും മെയ്നും പോലെ സംസ്ഥാനങ്ങൾ രാവിലെ 6നു (ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 4.30) വോട്ടിങ് തുടങ്ങിയപ്പോൾ കലിഫോർണിയ 7നാണു (ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30) പോളിങ് ബൂത്തുകൾ തുറന്നത്.

ഏറ്റവുമാദ്യം വോട്ടെടുപ്പു പൂർത്തിയാക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഫ്ലോറിഡയാണ്.കാനഡ അതിർത്തിയോടു ചേർന്നുള്ള ഡിക്സ്വിൽ നോച്ച് എന്ന ചെറുപട്ടണത്തിലെ ആകെയുള്ള 5 വോട്ടർമാരുടെ വോട്ട് മുഴുവൻ ബൈഡനാണ്. അവിടെ ഫലപ്രഖ്യാപനവും കഴിഞ്ഞു.

അതിവേഗ വോട്ടെണ്ണൽ ശീലമാക്കിയ സംസ്ഥാനത്ത് ഇന്നുതന്നെ ഏകദേശം വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പറയുന്നത്. നിർണായക സംസ്ഥാനങ്ങളിൽപെടുന്ന പെൻസിൽവേനിയയിലും വിസ്‌കോൻസിനിലും തപാൽ വോട്ടുകൾ എണ്ണുന്നതു വൈകുമെന്നും അധികൃതർ പറയുന്നു. ഇത്തവണ കോവിഡ് ഭീതിയുള്ളതിനാൽ 10 കോടിയോളം പേരാണ് തപാൽ വോട്ട് രേഖപ്പെടുത്തിയത്.