വാഷിങ്ടൻ: വൈറ്റ്ഹൗസിൽ സമഗ്രമാറ്റത്തിനൊരുങ്ങി പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റടുത്തതോടെ വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലുണ്ടായ ആദ്യ മാറ്റം പ്രസിഡൻഷ്യൽ ഡെസ്‌കിൽ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഘടിപ്പിച്ചിരുന്ന 'ഡയറ്റ് കോക്' കോളിങ് ബെൽ നീക്കം ചെയ്തു.

പ്രസിഡൻഷ്യൽ ഡെസ്‌കിൽ ഘടിപ്പിച്ചിരുന്ന 'ഡയറ്റ് കോക്' കോളിങ് ബെൽ (ഒരു ചുവന്ന ബട്ടൺ) അമർത്തുമ്പോൾ വൈറ്റ് ഹൗസിലെ ബട്ട്ലർ ഉടനെ പ്രസിഡന്റിനു കോക്കുമായി എത്തുമായിരുന്നു. ഈ പതിവ് ബൈഡൻ അവസാനിപ്പിച്ചെന്നാണു സൂചന.

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ബൈഡനിരിക്കുന്ന ചിത്രങ്ങളിൽ ഈ ബെൽ കാണാനില്ല. ഡയറ്റ് കോക് എന്ന കൊക്കോകോളയുടെ കാർബണേറ്റഡ് സോഡ ഡ്രിങ്കിന്റെ സ്ഥിരം ഉപഭോക്താവായിരുന്നു ട്രംപ്. 2017 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ട്രംപ് ഒരു ദിവസം 12 കാൻ ഡയറ്റ് കോക് വരെ കുടിക്കുമായിരുന്നു.