വാഷിങ്ടൺ: കോവിഡ് മഹാമാരി സംബന്ധിച്ച് ചൈനക്കെതിരെ പുതിയ ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന തങ്ങളുടെ രാജ്യത്തെ കോവിഡ് മരണങ്ങൾ മറച്ച് വെക്കുന്നു എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റ് പുതിയ ആരോപണം ഉന്നയിച്ചത്. മറ്റേത് രാജ്യത്തെക്കാളും കൂടുതൽ മരണം ചൈനയിലുണ്ടായി എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനോ തെളിവുകൾ ചൂണ്ടിക്കാട്ടാനോ അദ്ദേഹം തയ്യാറായില്ല.

'പതിനായിരക്കണക്കിന് പേരാണ് മരിച്ചത്. മറ്റേത് രാജ്യത്തെക്കാളും കൂടുതൽ മരണം ചൈനയിലുണ്ടായി. എന്നാൽ, അവർ അത് സമ്മതിക്കുന്നില്ല എന്നുമാത്രം' - അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു. ചൈനയിൽ കോവിഡ് ബാധിച്ച് പതിനായിരങ്ങൾ മരിച്ചുവെന്ന കാര്യം താങ്കൾക്ക് എങ്ങനെ അറിയാമെന്ന് അഭിമുഖത്തിനിടെ മാധ്യമ പ്രവർത്തക ചോദിച്ചുവെങ്കിലും അദ്ദേഹം വിഷയം മാറ്റി. അമേരിക്കയിൽ ആറ് ശതമാനം പേർ മാത്രമെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂ എന്ന തരത്തിലുള്ള ചില കണക്കുകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എസ്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അതിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ ആറ് ശതമാനം മരങ്ങളുടെ കാരണം മാത്രമെ കോവിഡ് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിരുന്നു. മറ്റുമരണങ്ങൾ കൊറോണ വൈറസ് ബാധ മൂലമല്ലെന്ന് പറയാനാകില്ല. മറ്റു മരണങ്ങളുടെ കാരണം ശ്വാസകോശ രോഗങ്ങൾ അടക്കമുള്ളവയാണ്. ശ്വാസകോശ രോഗങ്ങൾ ഗുരുതരമാക്കിയതുകൊറോണ വൈറസ് ആയിരിക്കാം. പ്രമേഹം അടക്കമുള്ളവയും വൈറസ് തീവ്രമാക്കിയിരിക്കാം എന്നും വ്യക്തമാക്കിയിരുന്നു.

ആകെ മരണങ്ങളിൽ ആറ് ശതമാനം മാത്രമാണ് കോവിഡ് മരണമെന്ന തരത്തിലുള്ള കണക്കുകൾ ഉദ്ധരിച്ച് അമേരിക്കയിലെ കോവിഡ് മരണങ്ങൾ പെരുപ്പിച്ച് കാട്ടിയതാണെന്ന വാദവുമായി കഴിഞ്ഞയാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ട്വീറ്റ് പിന്നീട് നീക്കംചെയ്തു. എന്നാൽ, 1,80,000 ലേറെ പേർ അമേരിക്കയിൽ മരിച്ചുവെന്നും അക്കാര്യത്തിൽ ആശയക്കുഴപ്പം വേണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറഞ്ഞിരുന്നു.

നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെക്കാൾ പിന്നിലായ സാഹചര്യത്തിലാണ് ട്രംപ് ചൈനയ്‌ക്കെതിരായ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ ട്രംപ് സ്വീകരിച്ച നടപടികളോട് ജനങ്ങൾ വിയോജിക്കുകയാണെന്ന സർവെ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ചൈനയിൽ കോവിഡ് ബാധിച്ച് 4,724 പേരാണ് മരിച്ചത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. 1,84,644 പേരാണ് ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചത്. അതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ മരണസംഖ്യയാണ് ചൈനയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്.