വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്നതിനിടെ വോട്ടെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. വൈകികിട്ടിയ തപ്പാൽ വോട്ടുകൾ എണ്ണേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി  സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.

'ഫ്ലോറിഡയിലും പെൻസിൽവാനിയയിലും നമ്മൾ ജയിച്ചു. എല്ലായിടത്തും നമ്മളാണ് ജയിച്ചത്. പക്ഷേ ഫലത്തിൽ ക്രമക്കേട് നടക്കുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. തപാൽ വോട്ടുകൾ എണ്ണുന്നത് നിർത്തിവയ്ക്കണം. റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തവരെ അയോഗ്യരാക്കാൻ ശ്രമം നടക്കുന്നുണ്ട്'- ട്രംപ് ആരോപിച്ചു. ആഘോഷത്തിന് തയ്യാറെടുക്കാനും ട്രംപ് അണികളോട് ആവശ്യപ്പെട്ടു.

അതേസമയം വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും ഡോണൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. 238 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് മുന്നിൽ. എന്നാൽ ഏറ്റവും ഒടുവിൽ എണ്ണിയ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും വിജയിച്ച് ട്രംപ് 213 ഇലക്ടറൽ വോട്ടെന്ന നേട്ടത്തിലേക്കെത്തിക്കഴിഞ്ഞു.ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും കടുത്ത മത്സരത്തിനൊടുവിലാണ് ബൈഡൻ ജയം നേടിയത്. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായിരുന്ന വെർജീനിയയിൽ പക്ഷെ ട്രംപിന്റെ മുന്നേറ്റം കണ്ടു. കോളറാഡോ, കണക്റ്റികട്ട്, ഡെല്ലവെയർ, ഇലിനോയ്, മസാച്ചുസെറ്റ്‌സ്, ന്യൂ മെക്‌സിക്കോ, വെർമോണ്ട് എന്നിവിടങ്ങളിലാണ് ബൈഡൻ ആധിപത്യമറിയിച്ചത്.

അലബാമ, അർകാൻസാസ്, കെൻടെക്കി, ലൂയിസിയാന, മിസിസിപ്പി, നെബ്രാസ്‌ക, വോർക്ക് ഡെക്കോട്ട, ഒക്ക്‌ലഹോമ, സൗത്ത് ഡെക്കോട്ട, ടെന്നീസീ, വെസ്റ്റ് വെർജീനിയ, വ്യോമിങ്, ഇന്ത്യാന, സൗത്ത് കാരലിന് എന്നിവിടങ്ങളിൽ ട്രംപ് ജയം ഉറപ്പിച്ചു.കോവിഡ് മഹാമാരിക്കിടയിലും നൂറ് ദശലക്ഷത്തിലേറെ ആളുകളാണ് ഇക്കുറി അമേരിക്കയിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ്ഹൗസിലെത്തുമോയെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 538 ഇലക്ടറൽ വോട്ടിൽ 270എണ്ണം ജയിച്ചാലാണ് വൈറ്റ് ഹൗസിൽ സ്ഥാനമുറപ്പിക്കാനാകുക.

ഇതിനിടെ വിജയത്തിന്റെ പാതയിലാണെന്ന് അനുയായികളോട് ജോ ബൈഡൻ. ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ തിരഞ്ഞെടുപ്പ് തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീർക്കാൻ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. ഇലക്ടറൽ കോളേജുകളിലെ 538 അംഗങ്ങളിൽ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്. നിർണായകമായ സംസ്ഥാനങ്ങളായ ഫ്‌ളോറിഡയും ടെക്‌സസും നേടിയ ട്രംപിന് ഇനിയും മുന്നേറ്റത്തിന് സാധ്യതയുണ്ട്. നോർത്ത് കരോലൈന, അരിസോണ, മിഷിഗൺ, പെൻസിൽവേനിയ, വിസ്‌കോൺസിൻ എന്നിവിടങ്ങളിലെ ഫലം നിർണായകമാകും.

തപാൽ വോട്ടുകളടക്കം ഇനിയും വോട്ടെടുപ്പ് ബാക്കിയുള്ളതിനാൽ അന്തിമ ഫലം ഇനിയും വൈകും. കൃത്യമായ മുൻതൂക്കം പ്രവചിക്കാനാകും മുൻപു തന്നെ ഇരുസ്ഥാനാർത്ഥികളും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി.