വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന്റെ ആഘാതത്തിൽ നിന്നും ട്രംപ് ഇനിയും മുക്തനായിട്ടില്ല. താനാണ് വിജയി എന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടു രംഗത്തെത്തിയ ട്രംപ് പക്ഷേ ഇപ്പോൾ തോൽവി അംഗീകരിച്ച മട്ടിലാണ്. ഒരു വശത്തി വൈറ്റ് ഹൗസിൽ നിന്നും ഇറക്കാനുള്ള വൈമനസ്യ പ്രകടിപ്പിച്ചുകൊണ്ട് അതിനുള്ള കരുക്കൾ നീക്കുന്നു. അതേസമയം മറുവശത്ത് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകൾ തേടി പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയും ചെയ്യുന്നു. ഇപ്പോൾ ചെയ്യുന്നത്.

അധികാരത്തിൽ തുടരാൻ വേണ്ടി നിയമ പോരാട്ടം നടത്തുന്നതിന് ഒപ്പമായി തെരഞ്ഞെടുപ്പു അട്ടിമറിയെ കുറിച്ചുമാണ് അദ്ദേഹം വാചാലനാകുന്നത്. ഇലക്ട്രൽവോട്ടുകളിൽ അട്ടിമറി നടന്നെന്നാണ് ട്രംപിന്റെ വാദം. തോറ്റതിന് ശേഷം മാധ്യമങ്ങളെ അദ്ദേഹം നേരിൽകാണുന്നു പോലുമല്ല. വ്ല്ലപ്പോഴും മാത്രമാണ പുറത്തിറങ്ങുന്നതും. ഇതിനിടെ വൈറ്റ് ഹൗസ് കേന്ദ്രീകരിച്ചു പുതിയ ചില നിയമനങ്ങളും നടത്തി.

ഇങ്ങനെ നിരാശ തീർക്കാൻ വഴിതേടുമ്പോൾ തന്നെയാണ് അദ്ദേഹം വീണ്ടും അടുത്ത തവണ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള വഴിയും തേടുന്നത്. രണ്ടാമതൊരു ട്രംപുകാലം വരുമെന്നാണ് അദ്ദേഹം പറയുന്നത്. ട്രംപ് അനുയായികളും ഇതേ അഭിപ്രായത്തിലാണ്. ഇവരാണ് ബൈഡന്റെ ടേം കഴിഞ്ഞ ശേഷം വീണ്ടും ട്രംപ് വീണ്ടും മത്സരിക്കുമെന്ന സൂചനയിലുമാണ്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് തോൽവി അംഗീകരിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തി.

'നമ്മൾ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല', ട്രംപ് പറഞ്ഞു.

അതസമയം തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല. അരിസോണയും ജോർജ്ജിയയും ബൈഡനൊപ്പം നിന്നതോടെ 306 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് ലഭിച്ചത്. ട്രംപിനാവട്ടെ 232 ഇലക്ടറൽ കോളേജ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അരിസോണയിലെയും ജോർജ്ജിയയിലെയും അന്തിമ ഫലം പുറത്തു വരുന്നതുവരെ തന്റെ പരാജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. നമ്മൾ ജയിക്കുമെന്ന് തന്നെയുള്ള ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് പ്രകടിപ്പിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചിരുന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താൻ വൈറ്റ് ഹൗസിൽ തുടരുമെന്നു വരെ പറഞ്ഞു. ഇത്തരമൊരു മനോഭാവത്തിൽ നിന്ന് വലിയ മാറ്റമുണ്ടായി എന്ന് തോന്നിക്കുന്ന പ്രതികരണമാണ് വെള്ളിയാഴ്ച ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വ്യാപകമായി ഉപയോഗിക്കുന്ന യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയൻ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും, അനുകൂലികളും ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഒരു ട്രംപ് അനുകൂല ബ്ലോഗിൽ വന്ന പ്രതികരണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലിൽ തിരിമറി നടന്നതായി ആരോപിക്കുന്നത്.

'റിപ്പോർട്ട്: ദേശവ്യാപകമായി ഡൊമിനിയൻ ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകൾ നീക്കം ചെയ്തു. പെൻസിൽവേനിയയിലെ 2,21,000 വോട്ടുകൾ ബൈഡന്റെതാക്കി മാറ്റിയെന്ന് ഡേറ്റാ അവലോകനം കണ്ടെത്തി. 9,41,000 ട്രംപ് വോട്ടുകൾ നീക്കം ചെയ്തു. ഡൊമിനിയൻ വോട്ടിങ് സംവിധാനം ട്രംപിന്റെ 4,35,000 വോട്ടുകൾ ബൈഡന് മറിച്ചുനൽകി.' ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാൽ 2020 അമേരിക്കൻ തിരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നും പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ വളരെ നല്ല രീതിയിൽ നടന്നതായി ഇരുപാർട്ടികളിൽ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രസ്താവിച്ചിരുന്നു. അന്താരാഷ്ട്ര നിരീക്ഷകരും ഗൗരവമേറിയ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.