ന്യൂയോർക്ക്: ന്യുയോർക്ക് നഗരത്തിൽ ഇന്നലെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിചിത്രമായ ഒരു ജീവനുള്ള പ്രതിമ അനാഛാദനം ചെയ്തു. ഒരുപറ്റം തെരുവു കലാകാരന്മാർ, പ്രതിമയേ പോലെ വിവിധ ഭാഗങ്ങൾ അഭിനയിച്ച് അനങ്ങാതെ നിൽക്കുന്നതാണ് ജീവനുള്ള പ്രതിമ എന്നറിയപ്പെടുന്നത്. ബാറ്ററി പാർക്കിലാണ് ഈ പ്രതിമയുള്ളത്. ഒരു ഗോൾഫ് കാർട്ടിൽ കൊറോണബാധിച്ചു മരിച്ചവരുടേയും അമേരിക്കൻ സൈനികരുടെയു ശവക്കല്ലറകൾക്ക് മീതെ പോകുന്ന രീതിയിലാണ് പ്രതിമ. ഫോക്സ് ന്യുസിലെ ആതിഥേയർ ഈ കാർട്ട് തള്ളുന്നുമുണ്ട്. അവസാനത്തെ യത്നം എന്ന പേരിട്ടിരിക്കുന്ന ഈ പ്രതിമ ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്.

ഒരുപറ്റം കലാകാരന്മാർ ചേർന്ന് ആരംഭിച്ച ട്രം സ്റ്റാച്യു ഇനീഷിയേറ്റീവ് എന്ന പ്രസ്ഥാനമാണ് ഈ പ്രതിമയ്ക്ക് പിന്നിലുള്ളത്. തികഞ്ഞ നാസിസം പ്രദർശിപ്പിക്കുകയും സ്വാർത്ഥതയും വംശീയ വെറിയും കൈമുതാലാക്കുകയും ചെയ്യുന്ന ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് ഈ പ്രതിമ എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്.

ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ സമ്പന്നതെയെ സൂചിപ്പിക്കുന്ന വിധത്തിൽ പൂർണ്ണമായും സ്വർണ്ണനിറത്തിലാണ് ഈ പ്രതിമയിൽ നിൽക്കുവാനെത്തിയ കലാകാരന്മാർ പങ്കെടുത്തത്. ഒരു ഗോൾഫ് കാർട്ടിനകത്ത് കാലുകൾ കവച്ചുവച്ച്, വാൾ ചൂണ്ടുന്നതുപോലെ ഗോൾഫ് ക്ലബ്ബ് ചൂണ്ടിയാണ്‌ചൊവ്വാഴ്‌ച്ച അനാഛാദനം ചെയ്ത പ്രതിമയിൽ ട്രംപിന്റെ ഭാഗമഭിനയിക്കുന്ന നടൻ ഇരിക്കുന്നത്. ലോകമാസകലമായി 17 ഗോൾഫ് കോഴ്സുകൾ നടത്തുന്ന ട്രംപിന്റെ ഗോൾഫിനോടുള്ള പ്രിയവും രഹസ്യമല്ല. കൊറോണ പ്രതിസന്ധിയും, അഭ്യന്തര കലാപങ്ങളും സാമ്പത്തിക മാന്ദ്യവുമെല്ലാം രഷ്ട്രത്തെ തകർക്കുമ്പോഴും ഗോൾഫ് കളിക്കുവാൻ ട്രംപ് സമയം കണ്ടെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

2017 ജനുവരി 20 ന് അമേരിക്കൻ പ്രസിഡണ്ടായി ചുമതലയേറ്റതിൽ പിന്നെ 291 തവണയാണ് ട്രംപ് ഗോൾഫ് കളിച്ചിട്ടുള്ളത്. ഇതിനായി പൊതുഖജനാവിൽ നിന്നും ലക്ഷക്കണക്കിന് ഡോളറുകളാണ് ചെലവാക്കിയതും. എന്നാൽ, ഒരു ഗോൾഫ് കോഴ്സിലൂടെ വണ്ടി ഓടിക്കുന്നതിനു പകരം ഇവിടെ ട്രംപ് വണ്ടിയോടിക്കുന്നത് ''ദുരന്ത സ്മരണയിൽ'', ''ഇതാണ് ഇത്'' എന്നിങ്ങനെ ആലേഖനം ചെയ്ത രണ്ട് സ്മാരക ശിലകൾക്ക് മുകളിലൂടെയാണ്.

കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്തതിൽ അദ്ദേഹത്തിന്റെ പാർട്ടിയിൽ ഉള്ളവരിൽ തന്നെ അതൃപ്തി ഉളവാക്കിയ ട്രംപിന്റെ വാക്കുകളാണിത്. ''അവർ മരിക്കുകയാണ്. ഇത് സത്യമാണ്. ഇതാണ് ഇത്.'' എന്നാണ് ഒരു ടിവി അഭിമുഖത്തിൽ അദ്ദേഹം കൊറോണ പ്രതിസന്ധിയെ പറ്റി പറഞ്ഞത്. ''പരാജിതരുടെ ദുരന്ത സ്മരണയിൽ'' എന്നെഴുതിയ രണ്ടാമത്തെ ശില സൂചിപ്പിക്കുന്നത് മരണമടഞ്ഞ അമേരിക്കൻ സൈനികരെ കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തേയാണ്.

2018 നവംബറിൽ പാരിസിനടുത്തുള്ള ഐസിനെ-മാർനെ അമേരിക്കൻ സെമിത്തേരിയിലേക്ക് പോകുവാൻ ട്രംപ് മടിച്ചു. മഴകാരണം തന്റെ തലമുടിയുടെ സ്‌റ്റൈൽ നഷ്ടപ്പെടുമെന്ന ഭയമായിരുന്നു കാരണം. പിന്നീട് , സന്ദർശനത്തിനു മുൻപായി ഒരു മുതിർന്ന ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിൽ ആ സെമിത്തേരി സന്ദർശിക്കേണ്ട ആവശ്യമെന്തെന്ന് ട്രംപ് ചോദിച്ചു. അവിടെ കിടക്കുന്നതൊക്കെ പരാജിതരല്ലെ എന്നും ചോദിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേ സന്ദർശന വേളയിൽ ഫ്രാൻസിലെ ബെല്ലെവ്വു വുഡ് യുദ്ധത്തിൽ ജീവൻ വെടിഞ്ഞ 1800 മറീനുകളെ ട്രംപ് വിഢികളെന്ന് വിളിക്കുകയും ചെയ്തു.

പ്രതിമയിൽ പ്രസിഡണ്ടിന്റെ വണ്ടി തള്ളുന്നതായി ചിത്രീകരിച്ചിരിക്കുന്നത് ഫോക്സ് ന്യുസിന്റെ വാർത്താവതാരകരായ സീൻ ഹാനിറ്റിയേയും ലോറ ഇൻഗ്രഹാമിനേയുമാണ്. മാധ്യമങ്ങളുമായി ട്രംപ് ഇടയുമ്പോഴും ഫോക്സ് ന്യുസും ട്രംപുമായി ദീർഘനാളായി നല്ല ബന്ധമാണുള്ളത്, പ്രത്യേകിച്ചും വലതുപക്ഷ അനുഭാവം വച്ചുപുലർത്തുന്ന ഹാനിറ്റിയുമായും ഇൻഗ്രഹാമുമായും.