വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറിയ മലയാളികൾ ഉൾപ്പടെ ലക്ഷക്കണക്കിന് വിദേശികൾക്ക് തങ്ങളുടെ അടുത്ത തലമുറകളെ അമേരിക്കൻ പൗരന്മാരാക്കാനുള്ള വഴി തുറന്നു കാട്ടിയ ഒന്നായിരുന്നു ജനനം മൂലം ലഭിക്കുന്ന പൗരത്വം. ഈ ഒരു നിയമം നിർത്തലാക്കിക്കൊണ്ടുള്ള ഒരു എക്സിക്യുട്ടീവ് ഓർഡർ, വൈറ്റ്ഹൗസ് പടികളിറങ്ങും മുൻപ് പുറപ്പെടുവിക്കുവാൻ ഒരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം ട്രംപിനോട് അടുത്ത വൃത്തങ്ങൾ കൂടെക്കൂടെ ചർച്ചചെയ്യുന്നതായി ചില റിപ്പോർട്ടുകൾ പുറത്തു വന്നു. ജനുവരി 20 ന് ജോ ബൈഡൻ അധികാരമേൽക്കും മുൻപേ ഈ നിയമം എടുത്തുകളയാൻ അവർ ട്രംപിനെ പ്രേരിപ്പിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

നിലവിലുള്ള നിയമപ്രകാരം, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്കെല്ലാം അമേരിക്കൻ പൗരത്വം സ്വാഭാവികമായി വന്നുചേരും. അവരുടെ മാതാപിതാക്കൾ അമേരിക്കക്കാരാണോ അല്ലയോ എന്നത് ഒരു വിഷയമേയല്ല. ഈ നിയമം എടുത്തുകളയുവാനാണ് ട്രംപ് എക്സിക്യുട്ടീവ് ഓർഡർ ഇറക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ വൈറ്റ്ഹൗസ് വൃത്തങ്ങൾ വിസമ്മതിച്ചു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് ധീരമായ ചുവടുവയ്പുകൾ നടത്താനും നിയമപരമായി എടുക്കുവാൻ അവകാശമുള്ള തീരുമാനം എടുക്കുവാനും അധികാരത്തിലേറിയ നാൾ മുതൽ ട്രംപ് മടിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് ഡെപ്യുട്ടി സെക്രട്ടരി ജുഡ് ഡീരെ പറഞ്ഞു. അതേസമയം, ജന്മനാൽ ലഭിക്കുന്ന പൗരത്വാവകാശം ഭരണഘടനയുടെ 14-മത് ഭേദഗതിയിൽ ഉൾപ്പെട്ടതിനാൽ എക്സിക്യുട്ടീവ് ഓർഡർ വഴി അത് ഇല്ലാതെയാക്കാൻ കഴിയില്ലെന്നാണ് ചില ഭരണഘടനാ വിദഗ്ദരുടെ അഭിപ്രായം.

ഇത്തരത്തിൽ ഒരു എക്സിക്യുട്ടീവ് ഓർഡർ ഇറക്കിയാൽ തീർച്ചയായും അതിനെതിരെ നിയമനടപടികൾ ഉണ്ടാകും. അതിനാൽ തന്നെ, വളരെയേറെ ചർച്ചകൾ ഈ വിഷയത്തിൽ നടക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഈ നിയമം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട ഓർഡർ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന നിയമ നടപടികളെ കുറിച്ച് സർക്കാർ വിദഗ്ദോപദേശം തേടിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

2018-ൽ തന്നെ ജന്മനാൽ ലഭിക്കുന്ന പൗരത്വാവകാശം എടുത്തുകളയുന്നതിനെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. അതിനുള്ള പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അത് സംഭവിക്കുമെന്നും അന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത്രയും നാൾ അതിനായി ശ്രമിക്കാതെ ഇപ്പോൾ ജോ ബൈഡൻ അധികാരമേൽക്കുന്നതിനു മുൻപ് ധൃതിവച്ച് ഇത് നടപ്പാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.

ഇതുകൂടാതെ എച്ച് 1 ബി വിസ സംബന്ധിച്ച് ചില പരിഷ്‌കാരങ്ങൾ നടത്തുവാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ തീർച്ചയായും ചൈനീസ് വംശജരെ ഉന്നം വച്ചാണ്.