തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം. കുതിരാൻ മല വഴി വാഹങ്ങൾക്ക് പോകാൻ കഴിയില്ല.

എന്നാൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരു വശങ്ങളിലേക്കും വാഹനങ്ങൾ കടന്ന് പോകുന്നതിൽ തടസമുണ്ടാവില്ല. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ റോഡ് നിർമ്മാണങ്ങളെ തുടർന്നാണ് പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ. ഒന്നാം തുരങ്കത്തിലൂടെ ആയിരിക്കും ഇന്ന് മുതൽ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം.

പാറ പൊട്ടിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ നടക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തുരംഗത്തിനകത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

വാഹനങ്ങളുടെ വേഗം നിയന്ത്രിക്കും. തുരങ്കത്തിന് അകത്തും പുറത്തുമായി 3.2 കിമീ ദൂരം ബാരിക്കേഡുകൾ വച്ചായിരിക്കും ഇരുഭാഗത്തേക്കും ഗതാഗതം. നിർമ്മാണം നടക്കുന്ന ഇടങ്ങളിലും തുരങ്കത്തിന് അകത്തും ഓവർടേക്കിങ് അനുവദിക്കില്ല.