ശ്രീനഗർ: ജമ്മു കശ്മീരിലെ നുഴഞ്ഞു കയറ്റത്തിന് തീവ്രവാദികൾ ഉപയോ​ഗിച്ചിരുന്ന തുരങ്കങ്ങൾ കണ്ടെത്തി. ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിലെ ജമ്മുവിലെ സാംബ പ്രദേശത്താണ് ബിഎസ്എഫ് സൈനികർ തുരങ്കങ്ങൾ കണ്ടെത്തിയത്. പാക്കിസ്ഥാനിൽ നിന്ന് ആരംഭിക്കുന്ന തുരങ്കം ഇന്ത്യയുടെ സാംബ പ്രദേശത്താണ് അവസാനിക്കുന്നത്. ഇന്ത്യൻ ഭാഗത്ത് നിന്ന് ഏതാണ്ട് 50 മീറ്റർ ദൂരത്തിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന് 25 മീറ്ററോളം ആഴമുണ്ട്. പാക്കിസ്ഥാൻ അതിർത്തി പോസ്റ്റിന് 400 മീറ്റർ മാത്രം അകലെയാണ് തുരങ്കത്തിന്റെ ആരംഭം.

തുരങ്കത്തിൽ നിന്ന് ഒരു പ്ലാസ്റ്റിക് കവർ സേന കണ്ടെടുത്തു. കവറിന് പുറത്ത് പാക്കിസ്ഥാനിലെ കറാച്ചി വിലാസത്തിലുള്ള കെമിക്കൽ കമ്പനിയുടെ വിവരങ്ങളും അച്ചടിച്ചിട്ടുണ്ട്. ഇതിനൊപ്പം പത്ത് മണൽച്ചാക്കുകളും തുരങ്കത്തിൽ നിന്ന് കണ്ടെത്തി. ഇതിൽ കറാച്ചി, ഷക്കർഗഡ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പായ്ക്കിങ് തീയതികളിൽ പരിശോധിച്ചതിൽ നിന്ന് മണൽച്ചാക്കുകൾക്ക് വലിയ പഴക്കമില്ലെന്നും കണ്ടെത്തി.

പ്രദേശത്ത് സേന വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് തുരങ്കങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. അതിർത്തി വഴി നുഴഞ്ഞു കയറുന്നതിനായാണ് ഇവ നിർമ്മിച്ചതെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന വ്യക്തമാക്കി. ആയുധങ്ങളും മറ്റും കടത്തുന്നതിനായാണ് പാക് നുഴഞ്ഞു കയറ്റക്കാർ തുരങ്കം നിർമ്മിച്ചതെന്ന് സേനാ വക്താക്കൾ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബിലെ പാക്കിസ്ഥാൻ അതിർത്തിയിൽ അടുത്തിടെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പരിശോധന ശക്തമാക്കാൻ നിർദ്ദേശിച്ചത്. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു മേഖലകളിലായുള്ള അതിർത്തിയിലാണ് പരിശോധന നടക്കുന്നത്. അതിർത്തി കടന്ന് പാക്കിസ്ഥാനിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് കടക്കുന്നുവെന്ന വിവരം സൈനികർക്ക് ലഭിച്ചിട്ടുണ്ട്. അതിർത്തിയിൽ തുരങ്കം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ സൈന്യം തീരുമാനിച്ചിരുന്നു.