മഖ്മൂർ: വടക്കൻ ഇറാക്കിലെ കുർദിഷ് അഭയാർഥി ക്യാമ്പിന് നേരെ തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. തുർക്കിയിൽ നിന്നുള്ള ആയിരത്തോളം വരുന്ന കുർദിഷ് അഭയാർഥികളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ക്യാമ്പിലെ സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന കിന്റർഗാർഡൻ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്ന് മഖ്മൂറിൽ നിന്നുള്ള ഖുർദിഷ് എംപി. റഷാദ് ഗലാലി പറഞ്ഞു.

വടക്കൻ ദോഹുക് പ്രവിശ്യയിലെ മൗണ്ട് മാറ്റിൻ ജില്ലയിൽ പി.കെ.കെയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇറാക്കി ഖുർദിഷ് പോരാളികൾ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രോൺ ആക്രമണമുണ്ടായത്.

നിയമവിരുദ്ധ സംഘടനയായ ഖുർദിസ്താൻ വർക്കേഴ്‌സ് പാർട്ടിയുമായി (പി.കെ.കെ) ബന്ധമുള്ള തീവ്രവാദികളുടെ ഇൻകുബേറ്ററാണ് പ്രദേശമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിക്കുന്നത്. തുർക്കി അതിർത്തിയിൽ നിന്ന് 180 കിലോമീറ്റർ തെക്ക് മഖ്മൂറിലാണ് രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 1990ലാണ് ക്യാമ്പ് സ്ഥാപിച്ചത്.