ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർത്തിയാക്കിയത് തിരക്കേറിയ യുഎസ് സന്ദർശനം. അമേരിക്കയിൽ ചെലവഴിച്ച 65 മണിക്കൂറിനുള്ളിൽ 24 മീറ്റിംഗുകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

അമേരിക്കയിൽ നടന്ന ഇരുപത് കൂടിക്കാഴ്ചകളും വിമാനത്തിൽ വെച്ചുനടന്ന നാല് നീണ്ട കൂടിക്കാഴ്ചകളും ഉൾപ്പടെ സന്ദർശനത്തിലുടനീളം 24 മീറ്റിംഗുകളാണ് പ്രധാനമന്ത്രി തന്റെ അമേരിക്കൻ പര്യടനത്തിനിടെ നടത്തിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ ലഭ്യമായ സമയം വളരെ ഫലപ്രദമായി ഉപയോഗിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. എല്ലാ സന്ദർശനങ്ങളും 'സുതാര്യവും ഉൽപാദനക്ഷമവും' ആയിരിക്കണമെന്ന മോദിയുടെ നിർദേശത്തിന് അനുസൃതമായായിരുന്നു യുഎസ് യാത്രയെന്നും അവർ വ്യക്തമാക്കി.

പ്രധാനമന്ത്രി പങ്കെടുത്ത നാല് ചർച്ചകൾ വിമാനത്തിനുള്ളിലാണ് നടന്നത്. 20 എണ്ണം യുഎസിൽവച്ചു നടന്നു. ക്വാഡ്, യുഎൻ പൊതുസഭാ സമ്മേളനം എന്നിവയിൽ പങ്കെടുക്കുന്നതിനായി മോദി ബുധനാഴ്ചയാണ് യുഎസിലേക്ക് പുറപ്പെട്ടത്.



അമേരിക്കയിലേക്ക് പോകുമ്പോൾ വിദേശകാര്യ വിദഗ്ദരുമായി മോദി രണ്ട് കൂടിക്കാഴ്ചകൾ വിമാനത്തിനുള്ളിൽവെച്ച് നടത്തിയിരുന്നു. അമേരിക്കൻ മണ്ണിൽ ഇറങ്ങിയ ഉടൻ തന്നെ വാഷിങ്ടൺ ഡിസിയിലെ ഹോട്ടലിൽ മൂന്ന് കൂടിക്കാഴ്ചകൾ നടന്നു.

തുടർന്ന് സെപ്റ്റംബർ 23ന്, പ്രധാനമന്ത്രി ആഗോള കമ്പനികളുടെ സിഇഒമാരുമായി അഞ്ച് വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തി. അതിനുശേഷം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴചകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ടീമിനൊപ്പം മൂന്ന് ആഭ്യന്തര കൂടിക്കാഴ്ചകളും നടത്തിയിരുന്നു.



വെള്ളിയാഴ്ച, ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിനുശേഷം നാല് അഭ്യന്തര ചർച്ചകളും ഉണ്ടായിരുന്നു. ശനിയാഴ്ച, ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽവച്ച് രണ്ടു ചർച്ചകളിൽ കൂടി പങ്കെടുത്തു. ഞായറാഴ്ച, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും മോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തു ശേഖരം പര്യടനത്തിനിടെ അമേരിക്ക മോദിക്ക് സമ്മാനിച്ചിരുന്നു. 

വരുംവർഷങ്ങളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് തനിക്ക് ഉറപ്പുള്ളതായും വളരെ കാര്യക്ഷമമായ ഉഭയകക്ഷി, ബഹുരാഷ്ട്ര ചർച്ചകൾ നടത്താനായെന്നും അമേരിക്കയിൽ നിന്നും പുറപ്പെടുന്നതിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.