കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയി്ൽ മുന്നണികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ച ട്വന്റി 20ക്ക് മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് പുറത്തുവിട്ട കണക്കുപ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്കായുള്ളൂ.

കുന്നത്തുനാട്ടിൽ 31,703, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം?ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില. ഇതിൽ കുന്നത്തുനാട്ടിൽ ഇരുമുന്നണികളിൽനിന്നും വോട്ടുകൾ അല്പമെങ്കിലും സമാഹരിക്കാനായി എന്നതാണ് ട്വന്റി-ട്വന്റിക്ക് ആശ്വസിക്കാൻ വകനൽകുന്ന കാര്യം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്ന ഘട്ടത്തിൽ തന്നെ ട്വിന്റി-20 തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നു. തുടക്കത്തിൽ തന്നെ കുന്നത്തുനാട്ടിൽ ട്വന്റി-20 മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഡോ. സുജിത് പി. സുരേന്ദ്രനായിരുന്നു സ്ഥാനാർത്ഥിയായി മത്സരിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥി വി.പി സജീന്ദ്രൻ തുടക്കത്തിൽ ലീഡ് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.വി ശ്രീനിജനായിരുന്നു രണ്ടാം സ്ഥാനത്ത്.

വലിയ തോതിലുള്ള പ്രചാരണപ്രവർത്തനങ്ങളാണ് ട്വന്റി 20 ഇവിടെ നടത്തിയിരുന്നുത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അവർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

ജില്ലയിൽ ട്വന്റി 20-യുടെ സാന്നിധ്യം വെല്ലുവിളിയായി വിലയിരുത്തപ്പെട്ടിരുന്ന തൃക്കാക്കരയിൽ അവർക്ക് കാര്യമായി വോട്ട് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൂടാതെ കോതമം?ഗലത്ത് 2,693 വോട്ടിൽ ഒതുങ്ങുകയും ചെയ്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അങ്ങനെ ഒരു ലാഘവത്തിൽ കാണേണ്ട സംഗതിയല്ല എന്നാണ് ഈ തിരഞ്ഞെടുപ്പിൽ ട്വന്റി 20 രാഷ്ട്രീയ കേരളത്തിന് നൽകുന്ന പാഠം.