ജപ്പാൻ: ടോക്കിയോ: ജപ്പാനിലെ കുപ്രസിദ്ധനായ ട്വിറ്റർ കില്ലർക്ക് വധശിക്ഷ. ട്വിറ്റർ കില്ലർ എന്ന പേരിൽ കുപ്രസിദ്ധനായ ഇരുപത്തിയേഴുകാരൻ തകഹിരോ ഷിരായ്ഷിക്കാണ് ജപ്പാൻ കോടതി വധശിക്ഷ നൽകിയത്. ഒരുപുരുഷനും എട്ട് സ്ത്രീകളുമുൾപ്പടെ 9 പേരെ കൊലപ്പെടുത്തുകയും മൃതദ്ദേഹം വെട്ടിനുറുക്കി കുളറിൽ സുക്ഷിക്കുകയും ചെയ്തതിനാണ് ഇയാളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ൽ ആണ് തകഹിരോ ഷിരായ്ഷി അറസ്റ്റിലാകുന്നത്. ഇയാളുടെ ഫ്‌ളാറ്റിൽനിന്നും മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

2017 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് എട്ട് സ്ത്രീകളെയും ഒരു യുവാവിനെയും തക്കാഹീറോ അതിക്രൂരമായി കൊലപ്പെടുത്തിയത്. 15 വയസ്സിനും 26 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവരെല്ലാം. ട്വിറ്ററിലൂടെ ഇരകളുമായി പരിചയം സ്ഥാപിക്കുന്ന കൊലയാളി ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൃത്യം നടത്തിയിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കുന്നതും പതിവായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ഇയാളുടെ ഫ്‌ളാറ്റിൽനിന്ന് കണ്ടെടുത്തതോടെയാണ് പൊലീസിന്റെ പിടിവീണത്. 2017 ഒക്ടോബറിൽ 23-കാരിയെ കാണാതായെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. യുവതിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ച സഹോദരൻ തക്കാഹീറോയുമായി യുവതിക്ക് പരിചയമുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറുത്തുമാറ്റിയ നിലയിൽ ഒമ്പത് പേരുടെ തലകളും കൈകളും കാലുകളും വീട്ടിൽനിന്ന് കണ്ടെടുത്തു. ടൂൾ ബോക്‌സുകളിലും കൂളറുകളിലുമാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്.

ഏകാന്തതയും കുടുംബപ്രശ്‌നങ്ങളും ഉള്ള സ്ത്രീകളെയായിരുന്നു ഇയാൾ ലക്ഷ്യംവച്ചത്.പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കാം എന്നും ആവശ്യമെങ്കിൽ മരിക്കാൻ സഹായിക്കാം എന്നും പറഞ്ഞ് ഇവരുമായി അടുക്കും. ഇയാളുടെ വാചക കസർത്തിൽ ഒട്ടുമിക്കവരും വീഴും.സ്ത്രീകളെ വശീകരിച്ച് തന്റെ കേന്ദ്രത്തിൽ എത്തിച്ച ശേഷം ശാരീരികമായി ഉപയോഗിക്കും. പിന്നീട് മദ്യമോ മയക്കുമരുന്നോ നൽകി ബോധംകെടുത്തും. തുടർന്ന് കൊലനടത്തും.ശരീരം പല കഷണങ്ങളാക്കി മുറിച്ച് ഫ്രീസറിൽ ഇയാൾ സൂക്ഷിച്ചിരുന്നു.എളുപ്പത്തിൽ കൊല നടത്താനുള്ള വഴികളും ശരീരം കഷണങ്ങളാക്കാനുള്ള വഴികളും ഇന്റർനെറ്റിൽ നിന്നാണ് ഇയാൾ പഠിച്ചത്. പിടിയിലാകുമ്പോൾ ഒരു എസ്‌കോർട്ടിങ് ഏജൻസിയിലായിരുന്നു ഇയാൾക്ക് ജോലി.കൊല്ലപ്പെട്ടവർ ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാൻ അവരെക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ആത്മഹത്യാ കുറിപ്പുകൾ എഴുതിക്കുന്നതും ഇയാളുടെ രീതിയായിരുന്നു.

കോടതിയിൽ വിചാരണയ്ക്കിടെ തക്കാഹീറോ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം. തക്കാഹീറോയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ഇരകളുടെ സമ്മതത്തോടെയാണ് കൊല നടത്തിയതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.എന്നാൽ ഇരകളുടെ മൗന സമ്മതംപോലും കുറ്റകൃത്യത്തിൽ കണ്ടെത്താനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒൻപത് യുവതികളുടെ ജീവൻ അപഹരിക്കപ്പെട്ടത് അങ്ങേയറ്റം ഗുരുതര കുറ്റകൃത്യമാണ്.ഇരകളുടെ അന്തസിനെ പോലും പ്രതി ഇല്ലാതാക്കി.തന്ത്രപരവും അതിക്രൂരവുമായാണ് പ്രതി കൊലനടത്തിയതെന്നും ഇയാൾക്ക് കൊലപാതകത്തിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും വിധി പ്രസ്താവിച്ച് ജഡ്ജി നൊകുനി യാനോ പറഞ്ഞു.

വെറും 16 പേർക്കുള്ള ഇരിപ്പിടങ്ങൾ മാത്രമാണ് കോടതിയിൽ ഒരുക്കിയിരുന്നത്. എന്നാൽ പ്രമാദമായ കേസിന്റെ വിധിപ്രസ്താവം കേൾക്കാൻ 400-ലേറെ പേരാണ് കോടതിയിൽ എത്തിയത്.