ന്യൂഡൽഹി: ട്വിറ്ററിന് മേൽ പിടിമുറുക്കിയ കേന്ദ്രസർക്കാർ നയങ്ങൾ ട്വിറ്റർ പ്രേമികളിൽ ആശങ്കയ്ക്ക് വകവെക്കുന്നു. കേന്ദ്രസർക്കാർ പ്രതികാര നടപടി എന്നോണമാണ് ട്വിറ്ററിന് മേൽ പിടിമുറുക്കുന്നത്. അമേരിക്കയിൽ ട്രംപിനെ വെല്ലുവിളിച്ച വമ്പന്മാരാണെങ്കിലും അതൊന്നും ഇന്ത്യയിൽ വിലപ്പോകില്ലെന്ന മട്ടിലാണ് കേന്ദ്രസർക്കാർ. സർക്കാറുകൾക്ക് വഴങ്ങാതെ തരമില്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ട്വിറ്ററിന് മാത്രം ഉന്നമിട്ടു കൊണ്ട് തുടർച്ചയായ കേസുകളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം.

ഏറ്റവും ഒടുവിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പേരിലും ട്വിറ്ററിനെതിരെ പുതിയ കേസെടുത്തിട്ടുണ്ട്. ട്വിറ്ററിന് രാജ്യത്തെ നിയമപരിരക്ഷ നഷ്ടപ്പെട്ടശേഷം നേരിടേണ്ടിവരുന്ന നാലാമത്തെ കേസാണിത്. പോക്‌സോ, ഐടി വകുപ്പുകൾ പ്രകാരമുള്ള കേസാണു പുതിയത്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലാണു ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻസിപിസിആറിന്റെ (നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ്) പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

വിഷയത്തിൽ കമ്മിഷൻ നേരത്തേയും പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ സൈബർ സെല്ലിനും ഡൽഹി പൊലീസ് മേധാവിക്കും രണ്ടു തവണ കത്തെഴുതുകയും ചെയ്തു. സൈബർ സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജൂൺ 29ന് മുൻപായി തങ്ങളുടെ മുൻപിൽ ഹാജരാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഗസ്സിയാബാദിൽ ഇസ്ലാം മതവിശ്വാസിയായ ഒരാൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലും ഈ മാസം ആദ്യം ട്വിറ്ററിനെതിരെ കേസെടുത്തിരുന്നു.

ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നതു വിലക്കി കർണാടക ഹൈക്കോടതിയുടെ വിധിയുണ്ട്. വിധിയെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് പൊലീസ് സുപ്രീം കോടതിയെ സമീപിച്ചു. ട്വിറ്ററിൽ ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിച്ചെന്ന പരാതിയിലും ട്വിറ്റർ മേധാവിക്കെതിരെ യുപിയിൽ കേസുണ്ട്. ബജ്രംഗ്ദൾ നേതാവ് പ്രവീൺ ഭാട്ടിയുടെ പരാതിയിൽ യുപി പൊലീസാണ് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ച ഭൂപടം ട്വിറ്റർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി.

ട്വിറ്ററിന്റെ 'ട്വീപ് ലൈഫ്' വിഭാഗത്തിൽ ദൃശ്യമാകുന്ന ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ ഭൂപടം നൽകിയതിൽ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിന് പിന്നാലെയായിരുന്നു നടപടി.

പുതിയ ഐടി നിയമം, ടൂൾകിറ്റ് വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള പോര് രൂക്ഷമായതിനിടെ നിരവധി കേസുകൾ ട്വിറ്റർ പിന്നാലെ പ്രതീക്ഷിക്കുന്നുണ്ട്. ഇതാദ്യമായിട്ടല്ല ട്വിറ്റർ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ട്വിറ്റർ ചൈനയുടെ ഭാഗമായി കാണിച്ചതിൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ശക്തമായ എതിർപ്പറിയിച്ച് ട്വിറ്റർ സിഇഒയ്ക്ക് കത്തയച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിന്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നത്.

പുതിയ ഐ ടി നിയമത്തിനെതിരെ കോടതിയെ സമീപിച്ചത് അടക്കം കേന്ദ്രസർക്കാറിന്റെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇത് കൂടാതെ ഐക്യ രാഷ്ട്ര സഭയിൽ അടക്കം ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. അതേസമയം കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക് ട്വിറ്റർ ഇന്ത്യ വിടുന്നതിൽ എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇത്തരമൊരു തീരുമാനം സോഷ്യൽ മീഡിയാ ഭീമൻ കൈക്കൊണ്ടാൽ കേന്ദ്രസർക്കാർ അതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും കേൾക്കേണ്ടി വന്നേക്കും.