അബുദാബി: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്ര വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സിവേയിലാണ് സംഭവം. പ്രമുഖ വിമാനകമ്പനികളായ ഫ്ളൈ ദുബൈയുടെയും ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെയും ചെലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

കിർഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737-800 വിമാനം അപകടത്തിൽപ്പെട്ടതെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. തുടർന്ന് വിമാനം തിരിച്ചിറക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്ളൈ ദുബൈ അറിയിച്ചു.

ഗൾഫ് എയർ വിമാനത്തിന്റെ വാലിലാണ് ബോയിങ് വിമാനം ഇടിച്ചത്. ബഹ്റൈൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് അപകടം ഉണ്ടായതെന്ന് ഗൾഫ് എയർ അറിയിച്ചു. കൂട്ടിയിടിയെ തുടർന്ന് രണ്ടു മണിക്കൂർ നേരം രണ്ട് റൺവേയുടെയും പ്രവർത്തനം നിർത്തിവെച്ചു.