ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരിലെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ എംഎൽഎമാരായ രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. രാജ്കുമാർ ഇമോ സിങ്ങ്, യാംതോങ്ങ് ഹാവോകിപ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ, പാർട്ടി നേതാവ് സാമ്പിത് പത്ര എന്നിവർ ഇരുവരേയും ബിജെപി അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്കുമാർ ഇമോ സിങ്ങിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയിരുന്നു.

മണിപ്പുരിൽ ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന് ഇരുവരേയും പാർട്ടിയിലേക്ക് സ്വീകരിച്ച ശേഷം സാമ്പിത് പത്ര പറഞ്ഞു. 60 അംഗങ്ങളുള്ള നിയമസഭയിൽ നിലവിൽ ബിജെപിയാണ് അധികാരത്തിലുള്ളത്.