മധുര: തമിഴ്‌നാട്ടിൽ അ​ഗ്നിബാധ തടയുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. തീപിടിച്ച കെട്ടിടം തകർന്നു വീണാണ് രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചത്. മധുരയിലാണ് അപകടം. കെ ശിവരാജൻ, പി കൃഷ്ണമൂർത്തി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുഃഖം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

പഴക്കമേറിയ കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇത് അണയ്ക്കാനായി എത്തിയ അഗ്നിശമാന സേനാംഗങ്ങൾ ശ്രമം തുടരുന്നതിനിടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു. രണ്ടുപേർ ഇതിനടിയിൽ പെട്ടു. കെട്ടിടത്തിന് അടിയിൽ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് രണ്ടു പേർ മരണത്തിനു കീഴടങ്ങിയത്. രണ്ടു പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.