അജ്മാൻ: യുഎഇയിൽ അപ്പാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അജ്മാനിലെ അൽ ഹമീദിയ ഏരിയയിലെ കെട്ടിടത്തിലാണ് അകടമുണ്ടായത്. അപകടത്തെ തുടർന്ന് അടുക്കളയിൽ സാരമായ നാശനഷ്ടങ്ങളുണ്ടായി. എന്നാൽ തീപ്പിടുത്തമുണ്ടായില്ലെന്നാണ് വിവരം.

അപ്പാർട്ട്‌മെന്റിലെ അടുക്കളയിൽ ശനിയാഴ്‌ച്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ രണ്ട് ഇന്ത്യക്കാരെ ഉടൻ തന്നെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചു. നിസ്സാര പരിക്കേറ്റ 21 കാരനെ പിന്നീട് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ഇടത് കയ്യിലും കാലുകളിലും പരിക്കേറ്റ 47കാരന് രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തണമെന്ന് അജ്മാൻ സിവിൽ ഡിഫൻസ് അധികൃതർ ജനങ്ങളോട് നിർദ്ദേശച്ചു. ഏതെങ്കിലും രീതിയിലുള്ള ലീക്കേജോ മറ്റ് തകരാറോ ഉണ്ടോയെന്ന് ഇടക്കിടെ പരിശോധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.